വിശ്വാസമേഖലയില്‍ നമുക്കെത്രമാത്രം വളരാം? അതിനെന്തെല്ലാം കാര്യങ്ങള്‍ അറിയേണ്ടതുണ്ട്? വിശുദ്ധ ബൈബിളിന്റെ വ്യാഖ്യാനങ്ങള്‍ക്കായി നാം ആധികാരികമായി ആശ്രയിക്കേണ്ടതും പരിശോധിക്കേണ്ടതും എന്താണ്? വിശ്വാസവുമായി ബന്ധപ്പെട്ട് ഇതുപോലെ അനേകം സംശയങ്ങള്‍ ഉള്ളവരാണ് ഓരോ കത്തോലിക്കാവി്ശ്വാസിയും.
പക്ഷേ വികലമായ പഠനങ്ങള്‍ അവരെ പലപ്പോഴും വഴിതെറ്റിക്കുകയും കത്തോലിക്കാസഭയുടെ വിശ്വാസധാരയില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുകയും ചെയ്യുന്നു. ഇവിടെയാണ് ബ്ര. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും അദ്ദേഹം നേതൃത്വം നല്കുന്ന ശുശ്രൂഷകളുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്.
മുകളില്‍ പറ്ഞ്ഞ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുളള ഉത്തരം നമുക്ക് ലഭിക്കുന്നത് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ നിന്നാണ്. കാരണം സഭാപ്രബോധനങ്ങളുടെ ആകെത്തുകയാണ് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം.
ഏക സത്യദൈവമായ അങ്ങയേയും അങ്ങയച്ച യേശുക്രിസ്്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍ എന്നാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്റെ ആമുഖം പറയുന്നത്. കത്തോലിക്കരായ നമ്മുടെയെല്ലാം ലക്ഷ്യവും നിത്യജീവന്‍ പ്രാപിക്കുക എന്നതാണ്.
ഇതിന് സഹായകമായി നമ്മുടെ ആത്മീയജീവിതത്തെ ഒരുക്കിയെടുക്കുന്ന ശുശ്രൂഷയാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും വിശുദ്ധ ഗ്രന്ഥവും അടിസ്ഥാനമാക്കി ബ്ര. ബിജു നിര്‍വഹിച്ചുപോരുന്നത്.
ഒരു സുവിശേഷകന്റെ കൈയില്‍ ഒരു കൈയില്‍ വിശുദ്ധ ഗ്രന്ഥവും മറുകൈയില്‍ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും ഉണ്ടായിരിക്കണം എന്നാണല്ലോ പറയുന്നത്. ഇതു രണ്ടുമായി , സഭാപ്രബോധനങ്ങളില്‍ ഊന്നിനിന്നുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയില്‍ ശുശ്രൂഷ നിര്‍വഹിക്കുന്ന ബ്ര. ബിജു മേരി ഓഫ് ഇമ്മാക്കുലേറ്റിന്റെ ക്ലാസുകളാണ് സത്യവിശ്വാസം എന്ന പേരില്‍ മരിയന്‍ പത്രത്തിലൂടെ എല്ലാ ശനിയാഴ്ചകളിലും അവതരിപ്പിക്കുന്നത്.
മരിയന്‍ പത്രത്തിന്റെ പതിനായിരക്കണക്കിന് വായനക്കാര്‍ക്ക് നിത്യജീവന്‍ നേടുവാനും കത്തോലി്ക്കാസഭയോടുള്ള സ്‌നേഹത്തില്‍ വളരുവാനും ഇത് വഴിയൊരുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഇരുപത് വര്‍ഷമായി കത്തോലിക്കാസഭയിലെ സജീവശുശ്രൂഷകനാണ് IHS മിനിസ്ട്രിയുടെ സ്ഥാപകന്‍ കൂടിയായ ബ്ര. ബിജു മേരി ഓഫ് ഇമ്മാക്കുലേറ്റ്. കാഞ്ഞിരപ്പള്ളി, പാലൂര്‍ക്കാവ് ഇടവകാംഗമായ ഇദ്ദേഹത്തെ ഇന്ന് കാണുന്ന രൂപത്തില്‍ മാറ്റിയെടുത്തത് ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് പങ്കെടുത്ത ഒരു കരിസ്മാറ്റിക് നവീകരണധ്യാനമായിരുന്നു.
ദീര്‍ഘനാളത്തെ പ്രാര്‍ത്ഥകനകള്‍ക്ക് ശേഷം രണ്ടായിരത്തോടെ ശുശൂഷാജീവിതത്തിലേക്ക് പ്രവേശിച്ചു. സഭാപ്രബോധനങ്ങള്‍ അവതരിപ്പിക്കുന്ന ക്ലാസുകള്‍ക്കും ധ്യാനങ്ങള്‍ക്കും പുറമെ 24 ആത്മീയകൃതികളുടെ കര്‍ത്താവു കൂടിയാണ് ബ്ര. ബിജു. കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, ഇപ്പോഴത്തെ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയൂസ്, മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍, മല്പാന്‍ മാത്യു വെള്ളാനിക്കല്‍, മാര്‍ ജോസഫ് പാംപ്ലാനി, റവ.ഡോ ജയിംസ് കിളിയനാനിക്കല്‍, റവ.ഡോ ജോഷി മയ്യാറ്റില്‍, സ്പരിച്വല്‍ ഡയറക്ടര്‍ ഫാ മാത്യു ഓലിക്കല്‍ തുടങ്ങിയവരെല്ലാം ബ്രി. ബിജുവിന്റെ പ്രബോധനങ്ങളോട് ആഭിമുഖ്യമുള്ളവരും ഇദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിട്ടുളളവരുമാണ്. ഇവരുടെ സഹായങ്ങള്‍ തന്നെ വഴിനടത്തിയെന്ന് ബ്ര ബിജു നന്ദിയോടെ അനുസ്മരിക്കുകയും ചെയ്യുന്നു.
അമ്മ, ഭാര്യ സുബി, മക്കളായ ജ്വോന്വാ, ജോയാക്വിന്‍ എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം. സജീവമായി ദൈവവേലയ്ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്ന കുടുംബമാണ് ഇവരുടേത്. ആഴമേറിയ സമര്‍പ്പണത്തോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഏതാനും സഹോദരങ്ങളും ഈ ശുശ്രൂഷയില്‍ ബിജുവിനൊപ്പമുണ്ട്.
സത്യവിശ്വാസം സംരക്ഷിക്കാനും കൈമാറാനും സ്വീകരിക്കാനും പരിപോഷിപ്പി്ക്കാനും അത് അവികലമായി പഠിപ്പിക്കാനും ഓരോ വിശ്വാസിക്കും ഉത്തരവാദിത്തമുണ്ടെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് മാര്‍ ജോസഫ് പാംപ്ലാനി ബ്ര.ബിജുവിന്റെ നേതൃത്വത്തില്‍ IHS മിനിസ്ട്രി നടത്തുന്ന ശുശ്രൂഷകള്‍ക്ക് നല്കിയ സന്ദേശത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതെ,സത്യവിശ്വാസം സംരക്ഷിക്കുകയും കൈമാറുകയും ചെയ്യേണ്ടത് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ഉത്തരവാദിത്തമാണെന്ന് നമുക്ക് മറക്കാതിരിക്കാം. അത്തരമൊരു സംരക്ഷകരാകാന്‍ നമുക്ക് കിട്ടിയിരിക്കുന്ന അപൂര്‍വ്വാവസരമാണ് സത്യവിശ്വാസം. മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും മറ്റുള്ളവരെ ഇക്കാര്യം അറിയിക്കുകയും ചെയ്യുമല്ലോ?