ബൈബിള്‍ പണ്ഡിതന്‍ ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ ഈജിപ്തില്‍ നിര്യാതനായി

മാനന്തവാടി: പ്രമുഖ ബൈബിള്‍ പണ്ഡിതനും മാനന്തവാടി രൂപതാംഗവുമായഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ ഈജിപ്തിലെ കെയ്‌റോയില്‍ വച്ച് നിര്യാതനായി.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യ-ഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18-ാം തിയതി ജോസഫസച്ചന്‍ ജനിച്ചു.

സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയില്‍ നിന്നും 1975 ഡിസംബര്‍ 31-ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ അഭി. പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു.

ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അച്ചന്‍ സേവനം ചെയ്തു. 1980-ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അച്ചന്‍ 1984-ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989-ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു. 2014-ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു.

മൃതദേഹം നാട്ടിലേക്കെത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. സംസ്കാര തിയതിയും സമയവും തീരുമാനിച്ചിട്ടില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.