വിവാഹം മനോഹരവും ആസ്വാദ്യകരവുമാകുമ്പോഴും അത് പലപ്പോഴും നാം ഉദ്ദേശിച്ച രീതിയില്‍ എളുപ്പമായിരിക്കണമെന്നില്ല. ജീവിതത്തിലേക്ക് ചിലപ്പോഴെങ്കിലും നാം പ്രതീക്ഷിക്കാത്തത് പലതും കടന്നുവരും. പങ്കാളിയോട് ചിലപ്പോള്‍ ദേഷ്യപ്പെട്ടെന്നിരിക്കും. വെറുപ്പു തോന്നിയെന്നിരിക്കും. പരസ്പരം കലഹിച്ചെന്നിരിക്കും. സാഹചര്യം എന്തുമായിരുന്നുകൊള്ളട്ടെ, ഇണയുടെ സ്വഭാവം ഏതുതരത്തിലുള്ളതുമായിരുന്നുകൊള്ളട്ടെ വിവാഹജീവിതത്തില്‍ ഏതുതരത്തിലുള്ള വിപരീതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഏറ്റവും അധികം ദൈവകൃപ ആവശ്യമായിട്ടുള്ള ഒരു ജീവിതാവസ്ഥയാണ് കുടുംബജീവിതം.
വിവാഹജീവിതത്തിന്റെ വിജയം ദമ്പതികളുടെ നന്മകളില്‍ മാത്രമല്ല ദൈവത്തിന്റെ കൃപയിലും കൂടിയാണ് ആശ്രയിച്ചിരിക്കുന്നത്. ദൈവത്തില്‍ ആശ്രയിക്കാതെയും അവിടുത്തോട് പ്രാര്‍ത്ഥിക്കാതെയും കുടുംബജീവിതം വിജയകരമായി പൂര്‍ത്തിയാക്കാന്‍ മരണംവരെ കൊണ്ടുപോകാന്‍ കഴിയുകയില്ല. അതുകൊണ്ട് ദൈവമാണ് തങ്ങളെ കൂട്ടിയോജിപ്പിച്ചതെന്ന് വിശ്വസിക്കുന്ന ദമ്പതികളെല്ലാം എല്ലാ ദിവസവും ഇങ്ങനെ പ്രാര്‍ത്ഥിക്കണം. തങ്ങളെ കൂട്ടിചേര്‍ത്ത ദൈവത്തിന നന്ദിപറഞ്ഞ് പ്രാര്‍ത്ഥിക്കുകയും വേണം. ഇതാ ഒരു പ്രാര്‍ത്ഥന
ഓ നല്ലവനായ ദൈവമേ ഞങ്ങളെ കൂട്ടിയോജിപ്പിച്ച അങ്ങയുടെ പദ്ധതിക്കും സ്‌നേഹത്തിനും ഞങ്ങള്‍ നന്ദിപറയുന്നു. അവിടുന്ന് ഞങ്ങളിലേല്പിച്ചിരിക്കുന്ന എല്ലാ കടമകളും വിശ്വസ്തതയോടും സ്‌നേഹത്തോടും കൂടി നിര്‍വഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
എല്ലാവിധ തിന്മവിചാരങ്ങളില്‍നിന്നും തിന്മ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. ജീവിതത്തില്‍ പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍ പതറിപ്പോകാതിരിക്കാന്‍ ദൈവകൃപയാല്‍ ഞങ്ങളെ നിറയ്ക്കണമേ.
എന്റെ ഇണയുടെ കുറവുകളിലേക്ക് നോക്കാതെ എനിക്ക് ആ വ്യക്തിയെ തന്ന നിന്നിലേക്ക് നോക്കാന്‍ ദൈവമേ നീയെന്നെ സഹായിക്കണമേ, അനുഗ്രഹിക്കണമേ. ഇന്നുമുതല്‍ മരണംവരെ പങ്കാളിയോട് വിശ്വസ്തതയോടെ പെരുമാറാനും അവസാനം നിത്യജീവന്റെ കിരീടം ചൂടാനും ഞങ്ങളെ സഹായിക്കണമേ.
ദൈവമേ നീ ഞങ്ങളുടെ കുടുംബജീവിതത്തിന് നല്കിയ സമസ്ത അനുഗ്രഹങ്ങളെ പ്രതിയും ഞങ്ങള്‍ നന്ദിപറയുന്നു. വീട്…കുഞ്ഞ്..ജോലി..സാമ്പത്തികം. എല്ലാറ്റിനും ദൈവമേ ഒരുപാട് നന്ദി..ആമ്മേന്‍