വത്തിക്കാന്‍ സിറ്റി: ആരാധനയിലെ പ്രാര്‍ത്ഥനയുടെ സൗന്ദര്യം കണ്ടെത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത്തരമൊരു പ്രാര്‍ത്ഥന പരിശീലിക്കുകയും വേണം. യാമപ്രാര്ത്ഥനയില് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തെ ആരാധിക്കുമ്പോഴും മറ്റുള്ളവരെ സഹായിക്കുകയും സേവിക്കുകയും ചെയ്യുമ്പോഴും ദൈവത്തിന്റെ സ്നേഹമാണ് നാം പ്രസരിപ്പിക്കുന്നത്. ഞാന്‍ വന്നിരിക്കുന്നത് ഭൂമിയില്‍ തീയിടാനാണെന്ന തിരുവചനഭാഗം വിശദീകരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു.
ദൈവികസ്നേഹത്താല്‍ നമ്മുടെ അലസതയും വിഭാഗീയതയും ഇല്ലാതായിത്തീരുകയും ദൈവത്തോട് കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. പിതാവിന്റെ സ്നേഹത്തിന്റെ അഗ്നി ഭൂമിയിലിടുക എന്നതായിരുന്നു ഈശോയുടെ ആഗ്രഹം. അതാണ് മനുഷ്യരെ രക്ഷിക്കുന്നത്. ലോകത്തെ രക്ഷിക്കാനും സേവിക്കാനും കഴിയുന്നവിധത്തിലുള്ള പരിധികളില്ലാത്ത അഗ്നി ഓരോ വ്യക്തിയുടെയും ഉള്ളില്‍ സുവിശേഷം നിറയ്ക്കുന്നുണ്ട്.
ക്രൈസ്തവരാണെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ദുര്‍ഘടമായ സന്ദര്‍ഭങ്ങളിലും നാം ക്രൈസ്തവരായിരിക്കണം, സുവിശേഷത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയണം, ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി നിലനില്ക്കാന് കഴിയണം. നമ്മുടെ ഹൃദയങ്ങളെ ദൈവികസ്നേഹത്താല്‍ വിശുദ്ധീകരിക്കാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കും. പാപ്പ പറഞ്ഞു.