എസെന്‍: വൈദികരുടെ അഭാവം നേരിടുന്നതിനെ തുടര്‍ന്ന് ജര്‍മ്മന്‍ കത്തോലിക്കാ രൂപത മാമ്മോദീസാ തിരുക്കര്‍മ്മം നടത്തുന്നതിനായി 17 വനിതകളെ നിയോഗിച്ചു. എസെന്‍ രൂപതയാണ് നിര്‍ണ്ണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്.
ജര്‍മ്മനിയില്‍ ആദ്യമായിട്ടാണ് ഒരു കത്തോലിക്കാ രൂപത കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനായി വനിതകളെ നിയോഗിക്കുന്നത്. മുമ്പുണ്ടായിരുന്നതിനെക്കാള്‍ വൈദികരുടെ എണ്ണം കുറവായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം അത്യാവശ്യമായി മാറിയിരിക്കുകയാണെന്ന് രൂപതയിലെ ഫെയ്ത്ത്, ലിറ്റര്‍ജി ആന്റ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷ തെരേസ അഭിപ്രായപ്പെട്ടു.
പതിനേഴ് സ്ത്രീകളെ കൂടാതെ ഒരു അല്മായനെയും ഇതേകാര്യത്തിന് വേണ്ടി നിയോഗിച്ചിട്ടുണ്ട്, മൂന്നുവര്‍ഷത്തേക്കാണ് നിയമനം. 2.5 മില്യന്‍ ആളുകളാണ് എസെന്‍ രൂപതയിലുള്ളത്. ഇതില്‍ 724,047 ആളുകള്‍ കത്തോലിക്കരാണ്. ജര്‍മ്മനിയിലെ ചെറിയ രൂപതയാണ്. കാനന്‍ ലോ 861 ല്‍ കാറ്റക്കിസ്റ്റിനോ മറ്റൊരു വ്യക്തിക്കോ വൈദികന്റെയോ ബിഷപ്പിന്റെയോ ഡീക്കന്റെയോ അഭാവത്തില്‍ മാമ്മോദീസാ നടത്താമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.