മനുഷ്യന്റെ ചിന്തകളില്‍ പലപ്പോഴും മാലിന്യം കലരാറുണ്ട്, അനുദിന ജീവിതത്തില്‍ എപ്പോഴൊക്കെയോ അധമവികാരങ്ങളെ നാം ചിന്തകളില്‍ താലോലിക്കാറുമുണ്ട്. ശുദ്ധതയ്ക്ക് എതിരെയുള്ള ചിന്തകളാണ് ഇവയെല്ലാം. പ്രലോഭനകാരികള്‍. ചിന്തയില്‍ നിന്നാണ് നാം പിന്നീട് പ്രവൃത്തികളിലേക്ക് തിരിയുന്നത്. ഏതൊരു തെറ്റായ പ്രവൃത്തിയുടെയും പിന്നിലുള്ളത് തെറ്റായ ചിന്തകളായിരുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്ന് നാം ബോധപൂര്‍വ്വം അകന്നുനില്ക്കണം. അധമചിന്തകളെ താലോലിക്കുകയില്ലെന്ന് പ്രതിജ്ഞയെടുക്കണം.
ഹൃദയത്തിന് സമാധാനവും ആശ്വാസവും നല്കുന്ന നല്ലചിന്തകളെ താലോലിക്കുകയും പോസിറ്റീവാകുകയും ചെയ്യണമെന്നാണ് ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. അതിനായി നമുക്ക് പ്രാര്‍ത്ഥിച്ചൊരുങ്ങാം. ഒര ുദിവസം ആരംഭിക്കുമ്പോള്‍ തന്നെ അന്നന്നു വേണ്ട പ്രവൃത്തികള്‍ക്കായുള്ള ദൈവികകൃപയ്ക്കായി യാചിക്കുമ്പോള്‍ അധമവികാരങ്ങളില്‍ നിന്നും ചിന്തകളില്‍ നിന്നും രക്ഷിക്കണമേയെന്ന് കൂടി നമുക്ക് പ്രാര്‍ത്ഥിക്കാം.
സര്‍വ്വശക്തനും കരുണാമയനുമായ കര്‍ത്താവേ, ഒരു ചിന്തയോ ഒരു തോന്നലോ എന്റെ ഉള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പു തന്നെ അതേക്കുറിച്ച് അറിവുള്ളവനേ, അങ്ങയുടെ ഹിതത്തിന് വിരുദ്ധമായതോ എന്റെ ആത്മാവിന് ഗുണകരമല്ലാത്തതോ ആയ യാതൊരു വിധ ചിന്തകളും എന്റെ ഉള്ളില്‍ കടന്നുകൂടാന്‍ അനുവദിക്കരുതേ. പ്രലോഭനങ്ങള്‍ക്കും പി്ന്നീട് പ്രവൃത്തികളിലേക്കും നയിക്കാന്‍ വഴിയൊരുക്കുന്ന എല്ലാ വിധ ചിന്തകളെയും അവിടുന്ന് നിയന്ത്രിക്കണമേ. വിശുദ്ധമായ ചിന്തകള്‍ കൊണ്ടും വികാരങ്ങള്‍ കൊണ്ടും എന്നെ നിറയ്ക്കണമേ. ചിന്തിച്ചുപോയതിന്റെ പേരില്‍ പിന്നീട് കുറ്റബോധം അനുഭവിക്കാന്‍ ഇടവരുത്തരുതേ. പരിശുദ്ധാത്മാവിനെ നിക്ഷേപിച്ച് എന്റെ ചിന്തകളുടെ മേല്‍ എല്ലാത്തരത്തിലുമുള്ള നിയന്ത്രണം ഏറ്റെടുക്കണമേ. ആമ്മേന്‍