എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 25 ന്, ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്…


                                                     

എയ്‌ൽസ്‌ഫോർഡ്:  ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കെന്റിലെ  എയ്‌ൽസ്‌ഫോഡിൽ  ഉത്തരീയ മാതാവിന്റെ  സന്നിധിയിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നടങ്കമാണ് എത്തിച്ചേരുന്നത്. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രഥമ തീർത്ഥാടനം വലിയ ആത്മീയ ഉണർവാണ് രൂപതയിലെ വിശ്വാസസമൂഹത്തിന് സമ്മാനിച്ചത്. ഈ വർഷവും തീർത്ഥാടനത്തിന്റെ വിജയത്തിനായി  എട്ടു റീജിയനുകൾ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തിൽ നടന്നുവരുന്നത്. 

എയ്‌ൽസ്‌ഫോർഡിലെ വിശ്വപ്രസിദ്ധമായ ജപമാലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തോടെ തീർത്ഥാടനത്തിന്റെ തിരുക്കർമങ്ങൾക്ക്  തുടക്കമാകും. തുടർന്ന് വിശ്വാസികൾക്ക് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള  അവസരം ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് 1 . 30 ന് ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികർ ചേർന്ന് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയിൽ  പ്രത്യേകം തയാറാക്കിയ ബലിപീഠത്തിലായിരിക്കും തിരുക്കർമ്മങ്ങൾ.

ഉച്ചകഴിഞ്ഞ്  3.30   ന്  വിശുദ്ധരുടെയും കർമ്മലമാതാവിന്റെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും. ബ്രിട്ടനിലെ  വിവിധ കുർബാന സെന്ററുകളിൽ നിന്നും മിഷനുകളിലും നിന്നുള്ള വിശ്വാസികളും ഭക്ത സംഘടനകളും  അണിചേരുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള  പ്രദക്ഷിണം സഭയുടെ തനതായ  പാരമ്പര്യം വിളിച്ചോതുന്ന വിശ്വാസപ്രഘോഷണമായി മാറും. 

ഇക്കഴിഞ്ഞ ഞായറാഴ്ച ചീഫ് കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയിൽ എയ്‌ൽസ്‌ഫോഡിൽ കൂടിയ മീറ്റിങ്ങിൽ വിവിധ മിഷൻ സെന്ററുകളിൽ നിന്നുള്ള കമ്മറ്റിയംഗങ്ങൾ പങ്കെടുത്തു.   തീർത്ഥാടനത്തിന്റെ കോ-ഓർഡിനേറ്റർമാരായ ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ, ലിജോ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ മീറ്റിംഗ് നടന്നു.

തീർത്ഥാടനത്തിനെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കോച്ചുകളും കാറുകളും പാർക്ക് ചെയ്യുവാൻ പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടും പാർക്കിംഗ് നിയന്ത്രിക്കുവാൻ പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സും ഉണ്ടാകും. തീർത്ഥാടകരെ  സ്വീകരിക്കുവാനും ഈ പുണ്യഭൂമിയുടെ വിശുദ്ധി പരിചയപ്പെടുത്താനും പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വോളണ്ടിയേഴ്സിന്റെ സേവനം ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തു അതിനായി പ്രത്യേക  സംവിധാനങ്ങൾ ഒരുക്കുന്നതായിരിക്കും. തീർത്ഥാടകർക്കായി മിതമായ നിരക്കിൽ വിവിധതരം ഭക്ഷണശാലകൾ ക്രമീകരിക്കുന്നതായിരിക്കും. 

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കർമ്മപരിപാടികളിൽ സുപ്രധാനമായ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഈ തീർത്ഥാടനം കാരണമാകും. ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ അശരണരായവർക്ക് സഹായമെത്തിക്കാൻ ഈ തീർത്ഥാടനത്തിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ഉപയോഗിക്കുമെന്ന് രൂപതാധ്യക്ഷൻ നേരത്തെ അറിയിച്ചിരുന്നു.

ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തിൽ  പ്രശോഭിതവും കർമ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്‌ൽസ്‌ഫോർഡിലേക്ക് വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ഫാ. ടോമി എടാട്ട് (07438434372), ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ (07832374201), ലിജോ സെബാസ്റ്റ്യൻ (07828874708

തിരുനാൾ  പ്രസുദേന്തിയാകാൻ താല്പര്യമുള്ളവർ അതാതു ഇടവക ട്രസ്ടിമാരുമായി ബന്ധപ്പെടേണ്ടതാണ്. 
അഡ്രസ്: The Friars, Carmelite Priory, Aylesford, Kent, ME20 7BX

—   ഫാ. ബിജു കുന്നയ്ക്കാട്ട് PRO  




മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.