എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മെയ് 25 ശനിയാഴ്ച രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ആത്മീയ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസതീർത്ഥാടനത്തിലും തിരുന്നാൾ തിരുക്കർമങ്ങളിലും രൂപതയുടെ വിവിധഭാഗങ്ങളിൽ നിന്നുമായി നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ലണ്ടൻ റീജിയണിലെ മിഷനുകളും ഇടവകകളും കേന്ദ്രീകരിച്ചു തീർത്ഥാടനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
ഇംഗ്ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടനകേന്ദ്രമാണ് എയ്‌ൽസ്‌ഫോർഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
മെയ് 28 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന പതാക ഉയർത്തുന്നതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമാകും. തുടർന്ന് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കർമ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം നടക്കും. ഉച്ചക്ക് 1.20 ന് വിശുദ്ധ കുർബാനക്ക് മുന്നോടിയായിട്ടുള്ള പ്രദിക്ഷണത്തിൽ കർമ്മലമാതാവിന്റെ സ്കാപുലർ ധരിച്ച പ്രസുദേന്തിമാരും, അൾത്താരബാലന്മാരും, വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേരും. തുടർന്ന് പ്രസുദേന്തി വാഴ്ചയും അതിനു ശേഷം തീർത്ഥാടനത്തിന്റെ ഔദ്യോഗികമായിട്ടുള്ള ഉദ്ഘാടനവും നടക്കും. അഭിവന്ദ്യ പിതാവിനോടൊപ്പം എയ്‌ൽസ്‌ഫോർഡ് പ്രയറി പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി, രൂപതയിലെ വികാരി ജനറാൾമാർ എന്നിവർ തീർത്ഥാടനത്തിന്റെ തിരി തെളിയിക്കും.
ഉച്ചക്ക് 1 .30 ന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും. സ്വർഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്‌ക്ക് മുൻപിൽ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും വിശുദ്ധ കുർബാന അർപ്പിക്കുക. രൂപതയുടെ എല്ലാ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധകുർബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും. പ്രദിക്ഷണത്തിന്റെ ഒടുവിൽ ഓപ്പൺ പിയാസയുടെ മുന്നിൽ പ്രത്യകം തയാറാക്കിയ കുരിശുംതൊട്ടിയിൽ സമാപനശീർവാദം നടക്കും. തീർത്ഥാടകർക്ക് എല്ലാ വർഷവും നൽകിവരാറുള്ള കർമ്മലമാതാവിന്റെ ഉത്തരീയം പ്രദിക്ഷണത്തിനു ശേഷം വിതരണം ചെയ്യുന്നതാണ്. തുടർന്ന് തീർത്ഥാടകരായി എത്തിയിട്ടുള്ള എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് പാർക്കിംഗ് അറ്റൻഡർമാരുടെ നിയന്ത്രണത്തിൽ വിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാലയും ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധിയുടെ വിളനിലവുമായ ഈ പുണ്യഭൂമിയിൽ വച്ച് നടക്കുന്ന മരിയൻ തീർത്ഥാടനത്തിലേക്ക് എല്ലാ വിശ്വാസികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റവ. ഫാ. ടോമി എടാട്ട് (07438434372), റോജോ കുര്യൻ (07846038034), ലിജോ സെബാസ്റ്റ്യൻ (07828874708)
Addres of the Venue: The Friars, Aylesford, Kent, ME20 7BX
വാർത്ത:
ഫാ. ടോമി എടാട്ട്, പിആർഒഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത