പോണ്ടിച്ചേരി: പോണ്ടിച്ചേരി ആര്‍ച്ച് ബിഷപായി ഫ്രാന്‍സിസ് കാലിസ്റ്റിനെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി ദളിത് കത്തോലിക്കര്‍. ദളിത് ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്‌മെന്റാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ച്ച് ബിഷപ് തമിഴനാണെങ്കിലും ദളിത് സമൂഹത്തില്‍ നിന്നുള്ള ആളല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. ദളിത് സമൂഹത്തില്‍ നിന്നുള്ള ഒരു മെത്രാനെയാണ് തങ്ങള്‍ക്കാവശ്യമെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയൂ എന്നുമാണ് ദളിത് കത്തോലിക്കരുടെ വാദം.
പ്രതിഷേധസൂചകമായി അവര്‍ കരിങ്കൊടി ഉയര്‍ത്തുകയും ഫ്രാന്‍സിസ് കാലിസ്റ്റ് ഗോബായ്ക്ക് എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. വത്തിക്കാന്റെ നിയമനം അംഗീകരിച്ചാല്‍ ബിഷപ് കാലിസ്റ്റിനെ ചുമതലയേറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് ദളിത് ക്രിസ്ത്യന്‍ ലിബറേഷന്‍ മൂവ്‌മെന്റ് കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ആനന്ദരാജ് വ്യക്തമാക്കി.
74 ശതമാനവും ദളിത് കത്തോലിക്കരുള്ള രൂപതയിലേക്ക് ദളിതനല്ലാത്ത ഒരാള്‍ മെത്രാനായി വരുന്നതിലൂടെ തങ്ങള്‍ ചതിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 388 വര്‍ഷമായി രൂപതയ്ക്ക് ദളിത് മെത്രാനില്ല. 2018 മുതല്‍ ദളിത് മെത്രാനുവേണ്ടിയുളള ആവശ്യം ഇവര്‍ ഉയര്‍ത്തുന്നു.