ദിവ്യകാരുണ്യത്തിന്റെ ശക്തി ജീവിതങ്ങളില്‍ വരുത്തിയ പരിണാമത്തിന്റെ അനുഭവകഥ പറയുന്ന ഡോക്യുമെന്ററി ഫിലിം അമേരിക്കയിലെ തീയറ്ററുകളില്‍ ഏപ്രില്‍ 25ന് റീലിസ് ചെയ്യും. 700 തീയറ്ററുകളിലാണ് ചിത്രം എത്തുന്നത്. ഒരു ദിവസം മാത്രമാണ് ചിത്രത്തിന്റെ പ്രദര്‍ശനം. എലൈവ് വൂയിസ് ദെയര്‍ എന്നാണ് ചിത്രത്തിന്റെ പേര്. സ്പാനീഷ് ഫിലിം നിര്‍മ്മാണക്കമ്പനിയായ ബോസ്‌ക്കോ ഫിലിംസും ഹക്കുലാ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ദിവ്യകാരുണ്യം തങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയതിനെക്കുറിച്ച് അഞ്ചു പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുഭവസാക്ഷ്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
സ്‌പെയ്‌നില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിലും ഹിറ്റായിരുന്നു. തുടര്‍ന്ന് ലാറ്റിന്‍ അമേരിക്കയിലെ 14 വ്യത്യസ്ത രാജ്യങ്ങളില്‍ ചിത്രം ഇംഗ്ലീഷ് സബ് ടൈറ്റിലോടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. അമേരിക്കയില്‍ മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ദിവ്യകാരുണ്യ റിവൈവല്‍ പ്രോഗ്രാം 2022 ജൂണില്‍ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇത് വെറുമൊരു സിനിമയല്ലെന്നാണ് ചലച്ചിത്ര നിര്‍മ്മാതാക്കളുടെ വാക്കുകള്‍.