അടിമാലി: നന്മയുടെയും ക്രിസ്തു കാണിച്ചുതന്ന പരസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായി പീഠത്തിന്മേല്‍ ഉയര്‍ത്തിവച്ച വിളക്കുപോല്‍ അടിമാലി മച്ചിപ്ലാവ് അസ്സീസി ദേവാലയം. കേരളത്തെ മുഴുവന്‍ സങ്കടക്കടലിലാക്കിയ കഴിഞ്ഞവര്‍ഷത്തെ പ്രളയദുരന്തത്തില്‍ വീടു നഷ്ടമായ 12 കുടുംബങ്ങള്‍ക്കാണ് പള്ളിവക മുപ്പത് സെന്റ് ഭൂമിയില്‍ വില്ലയൊരുക്കിയിരിക്കുന്നത്.
2018 ഡിസംബര്‍ 23 ന് ആയിരുന്നു വില്ലയുടെ ശിലാസ്ഥാപനം. ഈ മാസം 14 ന് വില്ലകളുടെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിക്കും. മനുഷ്യസ്‌നേഹികളുടെ ഉദാരമായ പങ്കുവയ്ക്കലാണ് വില്ലകളുടെ നിര്‍മ്മാണമെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിലെത്തിച്ചതെന്ന് വികാരി ഫാ. ജെയിംസ് മാക്കിയില്‍ പറഞ്ഞു.
ബംഗളൂര് മത്തിക്കര ഇടവക, സിഎസ്എസ് ആര്‍ സന്യാസസഭ പ്രൊവിന്‍ഷ്യാല്‍ ടീം, സിഎംസി സന്യാസിനി സമൂഹം, സിഎംഐ ഹൈദരാബാദ് മേരിമാതാ പ്രോവിന്‍സ്, സിഎംഐ രാമപുരം പബ്ലിക് സ്‌കൂള്‍ എന്നിങ്ങനെ വിവിധ ക്രൈസ്തവസമൂഹങ്ങള്‍ പങ്കുവച്ചവരുടെ കൂട്ടത്തില്‍ മുമ്പന്തിയില്‍ നില്ക്കുന്നു.സഭയെക്കുറിച്ചു പലരുടെയും മനസ്സില്‍ തെറ്റിദ്ധാരണകളും അബദ്ധചിന്തകളും നിറഞ്ഞുവരുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ നന്മയുടെ ഈ വാര്‍ത്തയ്ക്ക് എന്തൊരു സുഗന്ധമാണ്.