ജീവനുവേണ്ടി പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കള്‍ക്കുവേണ്ടി നിലകൊണ്ട മാര്‍പാപ്പയായിരുന്നു ജോണ്‍ പോള്‍. ജീവന്റെ ഉത്ഭവം മുതല്‍ സ്വഭാവികമരണംവരെ ജീവന്‍ ഏത് അവസ്ഥയിലും സംരക്ഷിക്കപ്പെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനം. ഇവാഞ്ചെലിയം വീറ്റെ എന്ന അപ്പസ്‌തോലികപ്രബോധന രേഖയില്‍ പാപ്പ നമ്മെ ഓര്‍മ്മിപ്പിക്കുന്ന കാര്യം ഗര്‍ഭസ്ഥശിശുക്കളുടെ നിഷേധം ക്രിസ്തുവിനെ തന്നെയുള്ള നിഷേധം എന്നാണ്. വെളിപാട് 12 ാം അധ്യായമാണ് ഇക്കാര്യത്തില്‍ പാപ്പ ഉദാഹരിച്ചത്. അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നിലവിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി. സ്വര്‍ഗ്ഗത്തില്‍ മറ്റൊരടയാളം കൂടി കാണപ്പെട്ടു. ഇതാ അഗ്നിമയനായ ഒരുഗ്രസര്‍പ്പം. അതിന് ഏഴുതലയും പത്തുകൊമ്പും തലകളില്‍ ഏഴു കിരീടങ്ങള്‍. അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വാരിക്കൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു. ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു.
ഓരോ കുഞ്ഞും അപകടത്തിന് മുമ്പിലാണെന്ന് ജോണ്‍ പോള്‍ തിരിച്ചറിഞ്ഞു. ഏതൊരു കുറ്റകൃത്യവും മനുഷ്യജീവന് എതിരെയുള്ളതാണെന്നും. കൂടാതെ എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത് എന്ന തിരുവചനവും ഈ ശിശുവിനെ പോലെ സ്വയം ചെറുതാകുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു എന്ന തിരുവചനവും ജോണ്‍ പോള്‍ ഇതേ ആശയപ്രകാശനത്തിനായി ഉപയോഗിച്ചു. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വ്യക്തികള്‍ക്ക് നേരെയുളള ഏതുവിധത്തിലുളള അക്രമവും യേശുക്രിസ്തുവിനെ തന്നെ നിരസിക്കലാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഏതുതരത്തിലുളളപാപവും ദൈവത്തോടുള്ള നിഷേധമാണ്, അവിടുത്തെ പദ്ധതിക്ക് വിരുദ്ധമായി നില്ക്കുകയാണ്.
പാപം ചെറുതോ വലുതോ എന്നതല്ല പ്രശ്‌നം. അതുകൊണ്ടുതന്നെ ദൈവത്തെ നിഷേധിക്കുന്ന, വേണ്ടെന്ന് വയ്ക്കുന്ന ഏതുപാപത്തെയോര്‍ത്തും നാം നെഞ്ചുപൊടിഞ്ഞ് കരയണം. പ്രത്യേകിച്ച് അബോര്‍ഷന്‍ എ്ന്ന പാപ്ം ചെയ്തിട്ടുണ്ടെങ്കില്‍, കൂട്ടുനിന്നിട്ടുണ്ടെങ്കില്‍.. ദൈവികഛായയിലുള്ള ഒരു മനുഷ്യനെയാണ് നാം ഇല്ലായ്മ ചെയ്തത്. ആബേലിനെ കൊന്ന പാപം പോലെ തന്നെയാണ് നിസ്സഹായനായ ശിശുവിനെ കൊല്ലുന്നതും.