കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ പത്തു മണിക്ക് സെന്റ് ഡൊമിനിക്ക് കത്തീഡ്രലില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും മെത്രാഭിഷേകച്ചടങ്ങുകള്‍.
2016 ജനുവരി മുതല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു മാര്‍ പുളിക്കല്‍. 1964 മാര്‍ച്ച് മൂന്നിന് ജനിച്ച മാര്‍ ജോസ് പുളിക്കല്‍ മുണ്ടക്കയം ഇഞ്ചിയാനി ഇടവക പുളിക്കല്‍ ആന്റണി മറിയാമ്മ ദമ്പതികളുടെ ഏക പുത്രനാണ്. 1991 ജനുവരി ഒന്നിന് മാര്‍ മാത്യു വട്ടക്കുഴിയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സീറോ മലബാര്‍ സഭയുടെ സിനഡിന്റെ അവസാന ദിവസമായ ഇന്നലെയായിരുന്നു മാര്‍ പുളിക്കലിന്റെ മെത്രാന്‍സ്ഥാനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്.
നിലവിലെ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ 75 വയസ് പൂര്‍ത്തിയായതിനെതുടര്‍ന്ന് രാജിവച്ച സാഹചര്യത്തിലാണ് പുതിയ മെത്രാനായി മാര്‍ പുളിക്കല്‍ അഭിഷികതനാകുന്നത്.