വത്തിക്കാന്‍ സിറ്റി: സൗത്ത് സുഡാനിലെ സംയുക്തസമാധാന ഉടമ്പടിക്ക് വിശുദ്ധ നഗരം സാക്ഷിയായി. റിപ്പബ്ലിക് ഓഫ് സൗത്ത്സുഡാനും സൗത്ത്സുഡാന്‍ ഓപ്പസിഷന്‍ മൂവ്മെന്റ്സ് അലയന്‍സും തമ്മിലുള്ള സമാധാന ഉടമ്പടിയിന്മേലാണ് ഞായറാഴ്ച ഇരു നേതാക്കളും ഒപ്പുവച്ചത്. സമാധാന ഉടമ്പടി ഇന്നുമുതല്‍ നിലവില്‍ വരും.
ഈ ഉടമ്പടി രാജ്യത്തിലെ ജനങ്ങള്‍ക്ക് സമാധാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാന്റ്എജിഡിയോ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ജനറല്‍ പൗലോ മാധ്യമങ്ങളോട് പറഞ്ഞു. സൗത്ത് സുഡാനിലെ സമാധാന കാര്യങ്ങളില്‍ വിശ്വാസം ഒരുപ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് സുഡാനിലെസമാധാന ഉടമ്പടിക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
രാജ്യത്തെ ഇരുവിഭാഗങ്ങളുടെയും നേതാക്കന്മാര്ക്കായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വത്തിക്കാനില്‍ ധ്യാനം നടത്തുകയും അവസാനം പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും കാല്ക്കല് തൊട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലികപര്യടനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും പാപ്പ ഇടയ്ക്കിടെ സൗത്ത് സുഡാനിലേക്കുള്ള തന്റെ യാത്രയുടെ ആഗ്രഹത്തെക്കുറിച്ച് ആവര്‍ത്തിക്കാറുണ്ട്. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന് വെല്ബിയുമായി സുഡാനിലേക്ക് പോകാനാണ് പാപ്പ ആഗ്രഹിക്കുന്നത്.
ഈ ഉടമ്പടിയോടെ സൗത്ത് സുഡാനിലേക്കുള്ള പാപ്പയുടെ യാത്രയ്ക്ക് ദൂരം കുറഞ്ഞിരിക്കുകയാണെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്.