ജക്കാര്‍ത്ത: ഏപ്രില്‍ 17 ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന ഇന്തോനേഷ്യയിലെ ഫ്‌ളോറെസ് ഐലന്റിലെ കത്തോലിക്കരുടെ അപേക്ഷ അധികാരികള്‍ തള്ളിക്കളഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെമാനാ സാന്ത എന്ന് വിളിക്കുന്ന, വിശുദ്ധവാരത്തിലെ പെരുന്നാളും തിരഞ്ഞെടുപ്പും തമ്മില്‍ ഉരസലുണ്ടാകുമെന്ന് കരുതിയാണ് കത്തോലിക്കര്‍ ഇലക്ഷന്‍ തീയതി മാറ്റിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
ഇന്തോനേഷ്യയില്‍ പുതിയ പ്രസിഡന്റ്, പാര്‍ലമെന്റ് അംഗങ്ങള്‍, ലോക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവരെ തിരഞ്ഞെടുക്കുന്നത് ഏപ്രില്‍ 17 ന് ആണ്. തിരുനാള്‍ ആരംഭിക്കുന്നത് ഏപ്രില്‍ 17 മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെയും. പതിനായിരങ്ങളാണ് ഈ ദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തിരുനാളില്‍ പങ്കെടുക്കാനായി വരുന്നത്. ദു:ഖവെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ തിരക്ക്. അന്ന് കടലിലൂടെ പ്രദക്ഷിണം ഉണ്ടായിരിക്കും.
മാര്‍ച്ച് 28 വരെയുള്ള മറ്റേതെങ്കിലും ദിവസം ഇലക്ഷന്‍ നടത്തണമെന്നായിരുന്നു കത്തോലിക്കരുടെ അപേക്ഷ. തിരുനാളിനെ ബാധിക്കാത്ത രീതിയില്‍ ഇലക്ഷന്‍ നടത്താമെന്ന് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട് വിശുദ്ധവാരത്തില്‍ ഇലക്ഷന്‍ നടത്തുന്നതിനെക്കുറിച്ച് രാജ്യമൊട്ടാകെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.
ആരാധനയും ഭക്തിയും പ്രധാനപ്പെട്ടതു തന്നെ. എങ്കിലും രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ കത്തോലിക്കര്‍ ഭാഗഭാക്കുകളാകുക തന്നെ ചെയ്യും. ഇന്തോനേഷ്യന്‍ ബിഷപ്‌സ് കമ്മീഷന്‍ ഫോര്‍ ദ ലെയ്റ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ക്രിസ്ത്യന്‍ സിസ് വാന്റോകോ പറഞ്ഞു.