പ്രത്യേകമായി പരാമര്‍ശിക്കാതെ പോയ അനേകം കഥാപാത്രങ്ങളുണ്ട് ബൈബിളില്‍. അക്കൂട്ടത്തിലൊരാളാണ് കായേന്റെ ഭാര്യ. കായേന് നമുക്കറിയാവുന്നതുപോലെ ലോകത്തില്‍ ജനിച്ച ആദ്യ മനുഷ്യസന്തതിയായിരുന്നു. അതോടൊപ്പം ആദ്യ കൊലപാതകിയും.
ആബേലിനെ കൊന്നതോടെയാണ് കായേന് ശപിക്കപ്പെട്ടവനായത്. എങ്കിലും ദൈവം കായേന്റെ നെറ്റിയിലും സംരക്ഷണമുദ്ര നല്കി അവനെ ശത്രുക്കളുടെ കരങ്ങളില്‍ നിന്ന് രക്ഷിക്കുന്നതായി നാം വായിക്കുന്നുണ്ട്. പിന്നീട് നോദ് എന്ന സ്ഥലത്താണ് കായേന് സ്ഥിരതാമസമാക്കുന്നത്. അയാള്‍ക്ക് ഭാര്യയുണ്ടായിരുന്നതായും ബൈബിളില്‍ സൂചനയുണ്ട്.
എന്നാല്‍ അതിനപ്പുറം വിശദാംശങ്ങളിലേക്ക് ബൈബിള്‍ കടക്കുന്നതേയില്ല. അതായത് എവിടെ നിന്ന് കായേന് ഭാര്യയെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബൈബിള്‍ വ്യക്തമായ വിശദീകരണം നല്‍കുന്നില്ല.
എന്നാല്‍ അപ്പോക്രിഫല്‍ ബുക്ക് ഓഫ് ജൂബിലീസ് അവകാശപ്പെടുന്നത് കായേന്റെ ഭാര്യ ആദത്തിന്റെയും ഹവ്വയുടെയും മകളും കായേന്റെ സഹോദരിയുമായ അവാന് ആയിരുന്നു എന്നാണ്.