ബൈബിള്‍ വായിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ എപ്രകാരമാണ് നമ്മുടെ വചനവായന? ഇതാ ചില നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ വചനവായനയെ കൂടുതല്‍ അര്‍ത്ഥവത്താക്കും
1 നോട്‌സ് കുറിക്കുക
ബൈബിള്‍ വായിക്കുമ്പോള്‍ അതിന്റെ നോട്‌സ് കുറിച്ചെടുക്കുക. പലരും ഇന്ന് മൊബൈലിലും മറ്റും ബൈബിള്‍ വായിക്കുന്നവരായിട്ടുണ്ട്. തിടുക്കത്തിലുള്ള ആ വായനക്കിടയില്‍ നോട്‌സ് കുറിച്ചെടുക്കാന്‍ പലരും മറന്നുപോകുന്നു. എന്നാല്‍ ഓരോ തവണയുമുള്ള ബൈബിള്‍ വായനയിലും നോട്‌സ് കുറിച്ചെടുക്കുന്നതും ഇടയ്ക്ക് അതൊന്ന് മറിച്ചുനോക്കുന്നതും ആത്മീയയാത്രയില്‍ വളരെ ഗുണം ചെയ്യുന്ന ഒരു കാര്യമാണ്.
2 ചോദ്യങ്ങള്‍ ചോദിക്കുക
ചോദ്യം ചോദിക്കുന്നത് ഒരു തെറ്റല്ല. ഓരോ ബൈബിള്‍ വായനയ്ക്കിടയിലും വായിച്ച വചനഭാഗത്തെ ആസ്പദമാക്കി സ്വയം ചോദ്യങ്ങള്‍ ചോദിക്കുക. ചിലപ്പോള്‍ അതിലെ സാഹചര്യം.. അത് എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നിങ്ങനെയുള്ള സംശയങ്ങള്‍ ഉണ്ടാകുക സ്വഭാവികമാണ്. അത്തരം അവസരങ്ങളില്‍ ആ ചോദ്യങ്ങള്‍ ദൈവത്തോട് ചോദിക്കുക. ദൈവം ആ ചോദ്യങ്ങള്‍ക്ക് ഉത്തരം തരും.
3 ഒരു തുടക്കക്കാരനെപോലെ വായിക്കുക
ഓരോ തവണയും ബൈബിള്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമായിട്ടാണ് വചനം വായിക്കാന്‍ പോകുന്നത് എന്ന് ചിന്തിക്കുക. ഒരു പഠിതാവിനെപോലെ, തുടക്കക്കാരനെ പോലെ ബൈബിള്‍ വായിക്കുക. അപ്പോള്‍ ഇതിന് മുമ്പ് വായിച്ച ഭാഗങ്ങള്‍ പോലും പുതിയൊരു വെളിച്ചത്തില്‍ വായിക്കാന്‍ നമുക്ക് കഴിയും. പുതിയ വെളിച്ചം, ബോധ്യങ്ങള്‍ അവ നമുക്ക് പകര്‍ന്നുനല്കും.
4 ശുദ്ധമായ മനസ്സോടെ വായിക്കുക
ബൈബിളിനെക്കുറിച്ച് എന്തെങ്കിലും തെറ്റായ ധാരണകള്‍ മനസ്സിലുള്ളവരാണെങ്കില്‍ ആ ചിന്തകളെയും ധാരണകളെയും ദൂരെക്കളഞ്ഞുകൊണ്ടായിരിക്കണം ബൈബിളിന്റെ സൗന്ദര്യത്തിലേക്ക് പോകേണ്ടത്. ക്ലീന്‍ സ്‌ളേറ്റ് പോലെയായിരിക്കണം മനസ്സ് എന്ന് ചുരുക്കം.
5 ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വിഷ്വലൈസ് ചെയ്യുക
ഒരു ടെക്സ്റ്റ് ബുക്ക് വായിക്കുന്നതുപോലെ വായിക്കാതെ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളെ ദൃശ്യഭംഗിയോടെ കാണാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് മോശയോട് ദൈവം സംസാരിക്കുന്നത്, മോശ ചെങ്കടല്‍ കടക്കുന്നത് ഇങ്ങനെയുള്ള സംഭവങ്ങളെയെല്ലാം വിഷ്വലൈസ് ചെയ്തു കാണാന്‍ ശ്രമിക്കുക.
6 ഓരോ തവണയും വായിച്ച ഭാഗത്തെക്കുറിച്ച് ധ്യാനിക്കുക
ക്യത്യമായ ധ്യാനവും ചിന്തയും കൂടാതെ ബൈബിള്‍ വായിച്ചുപോകരുത്. ദൈവം എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കിയെടുക്കാന്‍ കൃത്യമായ ധ്യാനവും ചിന്തയും ആവശ്യമാണ്. അതുകൊണ്ട് തിടുക്കത്തിലും ബൈബിള്‍ വായിച്ചുപോകരുത്.
7 വായിച്ചുകൊണ്ടിരിക്കുന്ന ബൈബിളും മറ്റൊരു ബൈബിളും തമ്മില്‍ താരതമ്യം ചെയ്യുക
ഏറ്റവും കൂടുതല്‍വിവര്‍ത്തനം ഉണ്ടായിരിക്കുന്ന ഒരു കൃതി കൂടിയാണല്ലോ ബൈബിള്‍. ഇപ്പോള്‍ നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബൈബിളിന് തന്നെ മറ്റ് പല വിവര്‍ത്തനങ്ങളും ഉണ്ട്. അതുകൊണ്ട് ആ വിവര്‍ത്തനങ്ങള്‍ തമ്മില്‍ പ്രയോഗത്തിലും മറ്റും സ്വീകരിച്ചിരിക്കുന്ന ശൈലികളും വാക്കുകളും ഒക്കെയായിട്ട് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും.
8 മനസ്സിലാകാതെ പോയവയെക്കുറിച്ച് ഗവേഷണം നടത്തുക
ബൈബിളില്‍ പരാമര്‍ശിച്ച ഒരു സംഭവത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ മനസ്സിലായില്ലെങ്കില്‍ ആ വാക്കിന്റെ ചുവടു പിടിച്ച് ഒരു അന്വേഷണം നടത്തുക. അത് ബൈബിളിനെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ പകര്‍ന്നുന്‌ല്കും.
9 ബൈബിള്‍ വായനയില്‍ കിട്ടിയ ആശയങ്ങള്‍ പങ്കുവയ്ക്കുക
ബൈബിള്‍ വായനയിലൂടെ നിങ്ങള്‍ക്ക് കിട്ടിയ ബോധ്യങ്ങള്‍, തിരിച്ചറിവുകള്‍ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുക.
എന്താ, ഇന്നുമുതല്‍ നിങ്ങള്‍ ബൈബിള്‍വായനയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പോവുകയല്ലേ?
എല്ലാം വളരെ നല്ല article ആണ് ഇത് copy ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ notes ആക്കി വെയ്ക്കാനോ മറ്റുള്ളവർക്കു അയക്കാനോ എളുപ്പമുണ്ടായിരുന്നു എന്തായാലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ