ആഗമനകാലത്തിലേക്ക് കടക്കും മുന്പ്…

തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. “(യോഹന്നാന്‍ 1 : 12 ).

ക്ഷമിക്കുന്ന സ്നേഹത്തെക്കുറിച്ച് എത്രയേറെ പാടിയാലും  നമ്മുടെ ഹൃദയത്തിൽ അത് ഇല്ലെങ്കിൽ എല്ലാം അർത്ഥശൂന്യമാണ്..
“കര്‍ത്താവു ക്ഷമാശീലനും അചഞ്ചല സ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്‌. അവിടുന്ന്‌ അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്‌.”(സംഖ്യ 14 : 18).

ദൈവപുത്രന്റെ ജനനം മുതൽ മരണവും ഉത്ഥാനവും വരെയുള്ള സംഭവങ്ങൾ അനുദിനം അയവിറക്കുന്നവരായി മാത്രം ജീവിച്ചതുകൊണ്ട് ദൈവത്തിന്റെ അനുഗ്രഹങ്ങൾ നമ്മിലേക്ക് ഒഴുകിയെത്തില്ല..

നീതിമാൻ പോലും ഒരു ദിവസം ഏഴിലധികം തവണ വീഴുന്നു എന്നു പറയുമ്പോൾ..മനുഷ്യരുടെ അവസ്ഥയെന്ത്..?
“എന്തെന്നാല്‍, മനുഷ്യരെല്ലാം പുല്‍ക്കൊടിക്കു തുല്യരാണ്‌; അവരുടെ മഹിമ പുല്ലിന്‍െറ പൂവിനു തുല്യവും. പുല്‍ക്കൊടികള്‍ വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു.”(1 പത്രോസ് 1 : 24).
ദൈവം മനുഷ്യനായത്.. മനുഷ്യരെ ദൈവസന്നിധിയിലേക്ക് ഉയർത്താനാണ്…

” ഞാന്‍ വന്നത്‌ നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്‌.”(മത്തായി 9 : 13 ).

ക്ഷമിക്കാനും പൊറുക്കാനും കഴിയാതെ വരുന്നു എന്നതുകൊണ്ടുതന്നെയാണ് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഒന്നിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ദുഷ്ടാരൂപിയുടെ പ്രവർത്തനം ശക്തമാകുകയും ദൈവാരൂപിയുടെ പ്രവർത്തനം ശിഥിലമാകുകയും ചെയ്യുന്നു.. എത്ര പ്രാർത്ഥിച്ചിട്ടും അനുഗ്രഹങ്ങൾ ലഭിക്കാത്തതിന്റെ കാരണവും ഇതുതന്നെ..

“ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവ്‌ ഇഷ്‌ടപ്പെടുന്നില്ല.”(മത്തായി 18 : 14).
നമുക്ക് പരിമിതികളും പരിധികളുമുണ്ട്.. എന്നിരിക്കിലും ദൈവത്തോട് ചേർന്ന് നടക്കാനും… ദൈവസന്നിധിയിലേക്ക് മറ്റുള്ളവരെ കൈ പിടിച്ചുയർത്താനും നാം എന്തു ചെയ്യുന്നു എന്ന് പരിശോധിക്കുന്നതും ഉചിതമാണ്… 

ഇപ്രകാരം പ്രവർത്തിക്കുന്നവരെ നമ്മുടെ വാക്കോ പ്രവർത്തിയോ മൂലം ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ എന്നും വിശകലനം ചെയ്യുന്നതും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനും പൊറുക്കാനും കഴിയുന്നതും ദൈവീക നീതിയാണ്…കാരണം..
“മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍െറ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മുമ്പില്‍ ഞാനും ഏറ്റുപറയും.”(മത്തായി 10 : 32 ).

ഒരു ക്രിസ്തീയ വിശ്വാസി എന്ന നിലയിൽ ഈ ഭൂമിയിലും സ്വർഗ്ഗത്തിലും നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ഈശോ നമുക്കു വേണ്ടി നിലകൊള്ളുമോ എന്നതാണ്…

“ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?”(മത്തായി 16 : 26)..
ദൈവത്തിന്റെ ആത്മാവ് നമ്മിൽ ഉണ്ടെങ്കിൽ മാത്രമെ യേശു നമുക്കു വേണ്ടി നിലകൊള്ളുകയുള്ളു..

“ആത്‌മാവാണു ജീവന്‍ നല്‍കുന്നത്‌; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌.”(യോഹന്നാന്‍ 6 : 63).
വചനമായ… ആത്മാവായ… അരൂപിയായ… ദൈവം.. മാംസമാകുകയാണ്…മനുഷ്യനാകുകയാണ്..നമ്മെ ജീവനുള്ളവരാക്കാൻ..

ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.”(യോഹന്നാന്‍ 10 : 10)..
ജീവന്റെ സമൃദ്ധി നമ്മിലുണ്ടാകണമെങ്കിൽ.. നമ്മുടെ മനസ്സ് കറയില്ലാത്തതും ഒരുക്കമുള്ളതുമാകണം…

ആയിരം പുൽക്കൂടുകളിൽ ഈശോ വന്നു ജനിച്ചാലും.. ഞാനാകുന്ന പുൽക്കൂട്ടിൽ ഈശോയ്ക്ക് പിറക്കാൻ ഇടം കണ്ടെത്താൻ കഴിയാതെ വരുന്നുവെങ്കിൽ തിരുപ്പിറവി എനിക്ക് പരിധിക്ക് പുറത്താകും..
അധരംകൊണ്ട് ആയിരം തവണ ആരാധന ഗീതികൾ ആലപിച്ചതുകൊണ്ടു മാത്രം ഈശോ നമ്മുടെ ഹൃദയത്തിൽ വന്നു പിറക്കുകയില്ല..

പരസ്പരം പൊറുക്കാനും ക്ഷമിക്കാനും സ്നേഹിക്കാനും കഴിയുമ്പോൾ.. അവിടെ ഈശോ വന്നു പിറക്കും..
ആരാധനയുടെ ആഢംബരമല്ല… ഹൃദയത്തിന്റെ നൈർമല്യമാണ് ഉണ്ണിയിശോ തിരയുന്നത്..

“എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്‍െറ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. “(യോഹന്നാന്‍ 3 : 16).

നിസ്സാര കാരണങ്ങളുടെ പേരിൽ നാം അകന്നു നിൽക്കുമ്പോൾ..കുടുംബത്തിൽ… കൂട്ടായ്മയിൽ… സമൂഹത്തിൽ … വിള്ളലുകൾ ഉണ്ടാകുമ്പോൾ… ക്രിസ്തു ജയന്തി ഒരാനന്ദമാകില്ല… അനുഭവമോ… അനുഗ്രഹമോ ആകില്ല…

ഒന്നുമല്ലാത്തവരെ… ഒന്നുമാകാൻ കഴിയാത്തവരെ…ചേർത്തു നിറുത്തിയ പരമകാരുണികനായ ദൈവത്തിന്റെ പരിമിതിയും പരിധിയുമില്ലാത.. അതിരുകളും അളവുകളുമില്ലാത്ത സ്നേഹത്തിന്റെ പ്രകടനമാണ് ഓരോ ക്രിസ്തു ജയന്തിയും…
“നിങ്ങള്‍ പരസ്‌പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍െറ ശിഷ്യന്‍മാരാണെന്ന്‌ അതുമൂലം എല്ലാവരും അറിയും.”(യോഹന്നാന്‍ 13 : 35 )..

ചിലരെയെങ്കിലും..പരിധിക്കു പുറത്തു മാറ്റി നിറുത്തിക്കൊണ്ട് ക്രിസ്തു ജയന്തിക്കുവേണ്ടി ഒരുങ്ങുമ്പോൾ അത് എത്രമാത്രം ആത്മാർത്ഥതയുള്ളതാകും…
അത്യുന്നതനായ ദൈവം…ഏറ്റവും വിനീതനായി…എളിയ യുള്ളവനായി…മാതൃക കാണിച്ചപ്പോൾ… നമുക്കും അത് പ്രായോഗികമാക്കാൻ പരമാവധി പരിശ്രമിക്കാം..

വെറുപ്പും വിദ്വേഷവും അകൽച്ചയുമെല്ലാം ഉപേക്ഷിച്ച് കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടെ പുൽക്കൂടൊരുക്കാം…
ഇനിയുള്ള ദിവസങ്ങളും ഒരുക്കങ്ങളും ആത്മീയ.. അനുഗ്രഹ.. നിറവുള്ള… ഒരു ക്രിസ്തു ജയന്തി അനുഭവത്തിനായി നമുക്ക് പരിണമിപ്പിക്കാം…

ആഗതമാകുന്ന ആഗമന കാലം  കൃപ നിറഞ്ഞതാകട്ടെ..

പ്രേംജി വയനാട്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.