“സഭകള്‍ തമ്മിലുള്ള തര്‍ക്കത്തിന് ജനവികാരം ഇളക്കിവിട്ട് ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ ഉളവാക്കും”

കൊച്ചി: സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സഭാപരമായും രമ്യതയിലും പരിഹരിക്കുന്നതിന് പകരം സ്വത്തുവിഷയങ്ങള്‍ ഉള്‍പ്പെടുത്തി ജനവികാരം ഇളക്കിവിട്ടു സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ആശങ്ക ഉളവാക്കുന്നതാണെന്നും ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ അതുണ്ടാക്കുമെന്നും സീറോ മലബാര്‍ സഭ പുറത്തിറക്കിയ പത്രക്കുറിപ്പ് പറയുന്നു.

ക്രൈസ്തവ സഭകളുടെ സ്വത്ത് കൈകാര്യം ചെയ്യാന്‍ വഖഫ്- ദേവസ്വം ബോര്‍ഡുകള്‍ക്ക് സമാനമായ ചര്‍ച്ച് പ്രോപ്പര്‍ട്ടി ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള ചര്‍ച്ചകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ചില സഭാവിരുദ്ധ ശക്തികള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.

സഭാ വിരുദ്ധരും നിക്ഷിപ്ത താല്പര്യക്കാരും പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ച് ആക്ട് വ്യവസ്ഥാപിത സഭകളിലെഐക്യവും ഭദ്രതയും തകര്‍ക്കുമെന്നത് വസ്തുതാപരമാണ്. നടപടിക്രമങ്ങള്‍ക്ക് വിധേയമായി വസ്തുവകകള്‍ ആര്‍ജിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ക്രമക്കേടുകള്‍ പരിഹരിക്കുന്നതിനും കത്തോലിക്കാസഭയ്ക്ക് പരമ്പരാഗതവും വ്യവസ്ഥാപിതവുമായ സംവിധാനങ്ങളും മാര്‍ഗ്ഗങ്ങളും നിലവിലുള്ള സാഹചര്യത്തില്‍ കത്തോലിക്കാസഭയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് മറ്റൊരു നിയമം അപ്രസക്തവും അനാവശ്യവുമാണ്.

സഭാവിരുദ്ധ ശക്തികള്‍ക്ക് നല്കുന്ന അനാവശ്യ പിന്തുണ എല്ലാ സഭകളെയും ദോഷകരമായി ബാധിക്കുമെന്ന സത്യം എല്ലാസഭകളും തിരിച്ചറിയണമെന്നും പത്രക്കുറിപ്പ് ഓര്‍മ്മപ്പെടുത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.