ചിന്തകളും ഭാവനകളും വിശുദ്ധീകരിക്കപ്പെടണോ, ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

ചില സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ നമുക്ക് പലപ്പോഴും എളുപ്പത്തില്‍ പാപം ചെയ്യാനുള്ള പ്രവണതകളില്‍ നിന്ന് മാറിനില്ക്കാന്‍ കഴിയും. എന്നാല്‍ പ്രവൃത്തി വഴിയായി ചെയ്യുന്നില്ലെങ്കിലും ചില നേരങ്ങളില്‍ ചിന്തകള്‍ വഴി നമ്മുടെ മനസ്സ് മലിനപ്പെട്ടുപോകും.

മനസ്സാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ഏറ്റവും വലിയ ശത്രു. മനസ്സില്‍ കടന്നുകൂടുന്ന തെറ്റായ ചിന്തകളും വിചാരങ്ങളും നമ്മെ പ്രവൃത്തിയിലേക്ക് എത്തിക്കുന്നുണ്ട് എന്നതും വാസ്തവം. അതുകൊണ്ട് ചിന്തകളുടെയും ഭാവനകളുടെയും മേലുള്ള നിയന്ത്രണവും വിശുദ്ധീകരണവും നല്ല ജീവിതം നയിക്കുന്നതിന് നമുക്ക് അനിവാര്യമാണ്.

പക്ഷേ ചിന്തകളെ നിയന്ത്രിക്കാന്‍ നമുക്ക് പലപ്പോഴും കഴിയാറുമില്ല. പ്രത്യേകിച്ച് ആധുനികസാങ്കേതികവിദ്യകളുടെ ഈ ലോകത്തില്‍ കാണരുതെന്ന് വിചാരിക്കുമ്പോഴും അറിയാതെ നമ്മുടെ കണ്ണിലേക്ക് വന്നുചാടുന്ന പല അരുതാത്ത ദൃശ്യങ്ങളുമുണ്ട്. പോണോഗ്രഫി പോലെയുള്ളവ ഉദാഹരണങ്ങള്‍.

ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ദൈവകൃപ കൂടുതലായി ആവശ്യമുണ്ട്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് ഹൃദയത്തിന്റെ വിശുദ്ധീകരണത്തിനും ചിന്തകളുടെ ശുദ്ധീകരണത്തിനുമായി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. അതുകൊണ്ട് ചിന്തകള്‍ നിര്‍മ്മലമാകുന്നതിനും ആലോചനകള്‍ പവിത്രീകരിക്കപ്പെടുന്നതിനും കണ്ണുകള്‍ നിയന്ത്രണവിധേയമാകുന്നതിനും ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് മുമ്പ് നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

എന്റെ ഈശോയേ നീയെന്റെ ഹൃദയത്തിലേക്ക് എഴുന്നെള്ളിവരുന്ന നേരം എന്റെ ഹൃദയത്തിലെ എല്ലാ അശുദ്ധവിചാരങ്ങളെയും എടുത്തുനീക്കണമേ. തിന്മയിലേക്ക് ചായ് വുള്ള എന്റെ ബലഹീനതകളെ പരിഹരിക്കണമേ.

എപ്പോഴും നിന്റെ കല്പനകള്‍പാലിക്കാന്‍ കഴിയത്തക്കവിധത്തില്‍ എന്റെ ചിന്തകളുടെമേല്‍ നീ തന്നെ ഭരണം നടത്തണമേ. നീ കാണാന്‍ ഇഷ്ടപ്പെടാത്തതൊന്നും ഞാനും കാണാതിരിക്കട്ടെ. നിനക്ക് ഇ,ഷ്ടമില്ലാത്ത ചിന്തകളും ഭാവനകളും എന്റെ മേല്‍ ഭരണം നടത്താതിരിക്കട്ടെ.

നീ കാണുന്നതുപോലെ കാണാനും നീ വിചാരിക്കുന്നതുപോലെവിചാരിക്കാനും എനിക്ക് കഴിയട്ടെ. അതിനായി നിന്റെ കൃപ ഞാന്‍ യാചിക്കുന്നു. എന്റെ ഹൃദയത്തെ കഴുകിതുടച്ച് നീ അവിടെ സ്ഥിരമായി വസിക്കണമേ. നീകുടെയുള്ളപ്പോള്‍ അരുതായ്മകളിലേക്ക് എന്റെ ജീവിതം വഴിമാറുകയില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

എന്റെ ഈശോയേ എന്റെ ചിന്തകള്‍ക്ക്, ഭാവനകള്‍ക്ക് കാവല്‍ നില്ക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Solly says

    Excellent

Leave A Reply

Your email address will not be published.