ഇല്ലിനോയ്‌സ്: ധന്യന്‍ ഫുള്‍ട്ടന്‍ ഷീന്‍ നെ ഡിസംബര്‍ 21 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. പിയോറിയ സെന്റ് മേരി ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍.
ഇതേ ദേവാലയത്തില്‍ വച്ചുതന്നെയായിരുന്നു ഷീന്റെ പൗരോഹിത്യസ്വീകരണവും നടന്നത്. ഈ വര്‍ഷം ഷീന്റെ പൗരോഹിത്യത്തിന്റെ നൂറാം വാര്‍ഷികവും കൂടിയാണ്. ഇങ്ങനെ സുപ്രധാനമായ പല കാരണങ്ങള്‍ കൊണ്ടും ഷീന്റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.
1950 -60 കളില്‍ ടെലി ഇവാഞ്ചൈലൈസേഷനിലൂടെ സുവിശേഷവല്‍ക്കരണത്തിന് പുതിയ മുഖം നല്കിയ വ്യക്തിയാണ് ഷീന്‍. 1979 ല്‍ ദിവംഗതനായ ഷീന്റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചത് 2002 ല്‍ ആണ്. ന്യൂയോര്‍ക്ക് അതിരൂപതയിലെ കാല്‍വരി സെമിത്തേരിയില്‍ അന്ത്യനിദ്ര പ്രാപിക്കാനായിരുന്നു ഷീന്റെ ആഗ്രഹം. അതനുസരിച്ച് അവിടെ തന്നെയാണ് സംസ്‌കരിച്ചതും.
എന്നാല്‍ അടുത്തയിടെ ഷീന്റെ ബന്ധുക്കള്‍ നല്കിയ പരാതിയിന്മേല്‍ ഭൗതികാവശിഷ്ടം പിയോറിയയിലേക്ക് മാറ്റിയിരുന്നു. നിയമപരമായി നേരിട്ട ഇത്തരം ചില പ്രശ്‌നങ്ങള്‍ ഷീന്റെ നാമകരണത്തിന് കാലവിളംബം വരുത്തിയിരുന്നു.