വത്തിക്കാന്‍ സിറ്റി: അടുത്തവര്‍ഷം സൗത്ത് സുഡാനിലേക്ക് പോകാന്‍ ആലോചനയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ യാമപ്രാര്‍ത്ഥനയക്കിടയില്‍ സൗത്ത് സുഡാനിലെ സമാധാനശ്രമങ്ങള്‍ക്ക് വേണ്ടി ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ച വേളയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം സുഡാനിലെ ഭരണാധികാരികളെ ഓര്‍മ്മിപ്പിച്ചു. സൗത്ത് സുഡാനിലെ ആളുകള്‍ ഇത്രയും വര്‍ഷത്തിനുള്ളില്‍ ഒരുപാട് സഹിച്ചവരാണ്. നല്ലൊരു ഭാവിയെ അവര്‍ സ്വപ്‌നം കാണുന്നുണ്ട്. നിലനില്ക്കുന്ന സമാധാനം അവര്‍ക്കാവശ്യമാണ്. എല്ലാവരും സാഹോദര്യത്തിലേക്ക് കടന്നുവരണം. വിഭജനങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും അപ്പുറമായി ചിന്തിക്കാന്‍ കഴിയണം. പരസ്പരമുളള സംവാദം നടക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.
2011 ല്‍ സ്വാതന്ത്ര്യം നേടിയ സൗത്ത് സുഡാന്‍ രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ആഭ്യന്തരയുദ്ധത്തിന്റെ പിടിയില്‍ അമര്‍ന്നു. നാലുലക്ഷത്തോളം ആളുകള്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്.
സൗത്ത് സുഡാന്‍ പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം വത്തിക്കാനിലേക്ക് വിളിച്ചുവരുത്തുകയും അവരുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.