മറിയത്തെ എന്തുകൊണ്ടാണ് ദൈവമാതാവ് എന്ന് വിളിക്കുന്നത്?


 പരിശുദ്ധ കന്യകാ മാതാവിനോട് ചേർന്ന് ആദരവോടും ഭക്തിയോടും കൂടി ജപമാല മണികളിലൂടെ ദൈവരാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ… ഈശോയുടെ ജീവിതം.. നമ്മൾ ധ്യാനിച്ചു… പ്രാർത്ഥിച്ചു..നിരവധി അനുഗ്രഹങ്ങൾ… അനുഭവങ്ങൾ.. നമുക്ക് ലഭിച്ചു.. അതിനെല്ലാം നമുക്ക് നന്ദി പറയാം..

ഇറങ്ങി വരുന്ന ദൈവവും… കയറിച്ചെല്ലുന്ന മനുഷ്യനും ആദ്യം കണ്ടുമുട്ടിയത് മറിയമാകുന്ന വ്യക്തിയിലൂടെയാണ്.. അതുകൊണ്ടാണ് നാം മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നത്.. കാരണം ദൈവം തന്നെയായ ഈശോയെ നമുക്ക് നൽകാൻ ദൈവം തന്നെ തിരഞ്ഞെടുത്ത് ഒരുക്കിയ വ്യക്തി.അതാണ് മറിയം.

ജോവാക്കിം- അന്ന ദമ്പതികൾ വിവാഹശേഷം മക്കളില്ലാതെ വല്ലാതെ നിരാശപ്പെട്ടു. ഏറെക്കാലത്തെ തീഷ്ണമായ പ്രാർത്ഥനയിലൂടെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് മറിയം..ദൈവീക ചൈതന്യം നിറഞ്ഞ കുഞ്ഞ്.. യാതൊരു കറയുമില്ലാതെ,പാപമില്ലാതെ… ജനിച്ച കുഞ്ഞ്.. 
 ദൈവം മനുഷ്യകുലത്തിനു വേണ്ടി തയ്യാറാക്കിയ രക്ഷാകര പദ്ധതിയുടെ പ്രവാചികയും  പ്രചാരകയുമായി ദൈവം തിരഞ്ഞെടുത്തു നിയമിച്ച സ്ഥാനപതിയാണ് മറിയം.

” പരിശുദ്‌ധാത്‌മാവ്‌ നിന്‍െറ മേല്‍ വരും; അത്യുന്നതന്‍െറ ശക്‌തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.”(ലൂക്കാ 1 : 35 ).
പരിശുദ്ധാത്മാവിന്റെ ശക്തിയും പ്രവർത്തനവും ശരിക്കും അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് മറിയം..

മാതാപിതാക്കളിൽ നിന്ന് പല തവണ ഇത് മറിയം കേട്ടിട്ടുമുണ്ടാകാം.. ഒത്തിരി പ്രാർത്ഥിച്ച് കിട്ടിയ… ദൈവത്തിന്റെ ദാനമാണ് കുഞ്ഞാ മോളെ നീ… എന്ന്..അതുകൊണ്ടുതന്നെ ദൈവത്തിന്റെ ശക്തിയിൽ മറിയം അടിയുറച്ചു വിശ്വസിച്ചു.. 

“ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ!”(ലൂക്കാ 1 : 37-38). ഇപ്രകാരം പറയാൻ മറിയത്തെ പ്രേരിപ്പിച്ചത് ഈയൊരു ബോധ്യമാണ്.. 

ദൈവത്തിന് എന്റെ ജീവിതത്തിൽ ഇടപെടാനും അത്ഭുതം നടത്താനും കഴിയും എന്ന ബോധ്യം നമുക്കുണ്ടോ..?
നമ്മുടെ ജീവിതവും നമുക്ക് ദൈവം നൽകിയ മക്കളുടെ ജീവിതവും ദൈവത്തോടു ചേർന്നും ദൈവഹിതത്തിന് അനുസരിച്ചുമാണോ..?

നമ്മുടെ മനസ്സിനെയും ശരീരത്തെയും ആത്മീയതയെയും നശിപ്പിക്കുന്ന എന്തൊക്കെ ദു:ശ്ശീലങ്ങളും തഴക്കദോഷങ്ങളുമാണ് നാം താലോലിക്കുന്നത്… ഇതിനെ ഉപേക്ഷിക്കാനും ദൈവഹിതത്തിന് പൂർണ്ണമായി നമ്മെ വിട്ടുകൊടുക്കാനും നാം തയ്യാറാണോ..?
ജീവിക്കുന്ന ദൈവമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നമ്മൾ എന്ന ബോധ്യത്തോടെയാണോ നാം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്…?

“അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്‍ ഗ്രഹിച്ചില്ല….അവന്‍റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. “(ലൂക്കാ 2 : 50-51).

മറിയവും നമ്മെപ്പോലെ തന്നെ ഒരു സാധാരണ വ്യക്തിയായിരുന്നു.  എല്ലാ കാര്യങ്ങളും പെട്ടെന്ന് മനസ്സിലായിരുന്നില്ല.. എന്നു കരുതി നമ്മെപ്പോലെ മാറി നിന്നുമില്ല. പ്രാർത്ഥനയിലൂടെയും വചന വായനയിലൂടെയും നിരന്തരം ദൈവവുമായി ചേർന്നു നിന്നു.. അതു കൊണ്ടു തന്നെ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്നു പോകാതെ… ദൈവത്തിൽ നിന്നുള്ള വലിയ കൃപ മറിയം അനുഭവിച്ചു. നമ്മുടെ ജീവിതത്തിൽ ഇത്തരം ഒരു കൃപ നമുക്ക് ലഭിക്കുന്നുണ്ടോ..?

ഈ ഭൂമിയിൽ യേശുവിനോടൊപ്പം രാജകീയമായ രീതിയിൽ പ്രവർത്തിക്കാൻ… അനുചരൻമാരായി നിലകൊള്ളാൻ ആഗ്രഹിച്ച ശിഷ്യൻമാർ യേശുവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു എന്നു കരുതി എല്ലാം ഇട്ടെറിഞ്ഞ് പഴയ തൊഴിൽ ചെയ്യാൻ തിരിച്ചുപോയി…
 

ഇപ്രകാരം നിരാശ പൂണ്ട എല്ലാവരെയും ഒന്നുചേർത്ത് ഒരു ജപമാല മണിയിലെ മുത്തുകൾ പോലെ ഊട്ടു മുറിയിലിരുന്ന് അമ്മ പ്രാർത്ഥിച്ചു..
“ഇവര്‍ ഏകമനസ്‌സോടെ യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന‍്റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.”(അപ്പ. പ്രവ. 1 : 14)
 

ഇപ്രകാരം അമ്മ പ്രാർത്ഥനക്കായി ഇവരെ ഒന്നു ചേർക്കാനുള്ള കാരണം ….. പറയുന്ന വാക്ക് പാലിക്കുന്ന ദൈവത്തിന്റെ വചനത്തോടുള്ള അടക്കാനാകാത്ത സ്നേഹവും വിശ്വാസവുമാണ്.. 
“എന്നാല്‍, പരിശുദ്‌ധാത്‌മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്‌തിപ്രാപിക്കും. “(അപ്പ. പ്രവ. 1 : 8 ).

ഈ ശക്തി തന്റെ ജീവിതത്തിലുടനീളം അനുഭവിച്ചവളാണ് മറിയം.. എന്നു മാത്രമല്ല ഈ അനുഭവത്തിലേക്ക് ശിഷ്യൻമാർ ഉൾപ്പെടെ അനേകരെ നയിക്കാനും മറിയത്തിന് കഴിഞ്ഞു..

“അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു.അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു. ആത്‌മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. “(അപ്പ. പ്രവ.2 : 3-4).
പ്രാർത്ഥന അനുഭവമാകുമ്പോൾ അത് പ്രവർത്തനമാകും.. അതാണ് പരിശുദ്ധ മറിയത്തിന്റെ ജീവിതം… അത് കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ശിഷ്യൻമാരുടെ ജീവിതം..
എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന നമുക്ക് പ്രവർത്തിയിലേക്ക് നയിക്കുന്ന ഒരനുഭവമായി പ്രാർത്ഥന മാറുന്നുണ്ടോ…?

മറ്റുള്ളവരെ തിന്മയുടെ… തകർച്ചയുടെ പാതകളിൽ നിന്ന് നന്മയുടെ പാതയിലേക്ക്.. ദൈവത്തിലേക്കുള്ള വിശ്വാസത്തിലേക്ക് നയിക്കാൻ നമ്മുടെ പ്രാർത്ഥന സഹായമാകുന്നുണ്ടോ..?
കേവലം നിസ്സാരമായ ലോക സുഖങ്ങൾക്കും അപ്പക്കഷണങ്ങൾക്കും വേണ്ടിയല്ലെ നമ്മുടെ പ്രാർത്ഥനകളും നിവേദനങ്ങളും…?

ജീവിതത്തിൽ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ദുരന്തങ്ങളും ഒന്നിനു പുറകെ ഒന്നായി അനുഭവിച്ചപ്പോഴും തകരാതെ നിൽക്കാൻ അമ്മയെ സഹായിച്ചത് എന്തായിരുന്നു…?
യഥാർത്ഥത്തിൽ മാതാവായ മറിയം കാണിച്ചുതരുന്ന പ്രാർത്ഥനയെന്താണ്…?

“ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു…….മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്‌ടരായ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍, സ്വര്‍ഗസ്‌ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയധികമായി പരിശുദ്‌ധാത്‌മാവിനെ നല്‍കുകയില്ല!”(ലൂക്കാ 11 : 9-13)..

ഇതായിരുന്നു പരിശുദ്ധ അമ്മയുടെ വിശ്വാസം..പരിശുദ്ധ അമ്മയുടെ പ്രാർത്ഥന..അതിലുപരി പരിശുദ്ധ അമ്മയുടെ ജീവിത മാതൃക..

ഒരായിരം ജപമാല ചൊല്ലിയതുകൊണ്ടു മാത്രമായില്ല…  പ്രതീക്ഷകൾ ലഭിക്കാതെ വരുമ്പോൾ ഇട്ടെറിഞ്ഞു പോകുന്നതിലല്ല…
മറ്റുള്ളവർ ഉപേക്ഷിച്ചു പോകുമ്പോൾ നിരാശപ്പെടുന്നതിലല്ല…
എല്ലാം ഇട്ടെറിഞ്ഞ് പോകാൻ വെമ്പുന്നിടത്തല്ല…
ത്യാഗങ്ങൾ സഹിച്ചും.. സന്തോഷത്തോടെ..ചേർന്നു നിൽക്കുന്നിടത്താണ്..
പരിശുദ്ധ അമ്മയെപ്പോലെ..

“എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.”(ഫിലിപ്പി 4 : 13 )..
ഈയൊരു ബോധ്യം..ഈയൊരു ദൗത്യ ചിന്ത..ദൈവഹിതത്തോടുള്ള സമ്പൂർണ്ണമായ സമർപ്പണം…
ഇന്നും അനേകലക്ഷങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നുവെങ്കിൽ..
പരിശുദ്ധ ദൈവമാതാവിന്റെ ജീവിത മാതൃക ഒന്നു മാത്രം..
നമുക്കും അത് സ്വായത്തമാക്കാം..ജപമാല റാണിയോടൊപ്പം പരിശുദ്ധാത്മാവിലൂടെ ദൈവത്തിലേക്ക് മറ്റുള്ളവരെ നയിക്കുന്നവരാകാം..

പ്രേംജി മുണ്ടിയാങ്കൽ..വയനാട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.