മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ നമുക്കിടയില്‍? എപ്പോഴും ഇല്ലെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രിയപ്പെട്ടവരുടെയോ പ്രാര്‍ത്ഥനാസഹായം ചോദിച്ചവരുടെയോ പ്രത്യേക നിയോഗങ്ങള്‍ക്ക് വേണ്ടിനാം പ്രാര്‍ത്ഥിച്ചിട്ടില്ലേ? തീര്‍ച്ചയായും ഉണ്ട്.
എന്നാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതുവഴി ആരാണ് അനുഗ്രഹിക്കപ്പെടുന്നത്?തീര്‍ച്ചയായും നമ്മുടെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥവും ദൈവഹിതപ്രകാരവും ഉള്ളതാണെങ്കില്‍ അവയ്ക്ക് ദൈവം മറുപടി തരുക തന്നെ ചെയ്യും. അതോടൊപ്പം ആ പ്രാര്‍ത്ഥനയുടെ ഫലം നമുക്കും കൂടി ലഭിക്കുന്നുണ്ട്എന്നതാണ്സത്യം. നാം എപ്പോഴും നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വാര്‍ത്ഥപൂരിതവും സ്വയം കേന്ദ്രീകൃതവുമായിത്തീരുകയാണ് ചെയ്യുന്നത്.
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് ആ പ്രാര്‍ത്ഥന നിസ്വാര്‍ത്ഥമാകുന്നത്. നമ്മെ നിസ്വാര്‍ത്ഥരാകാനും മറ്റുള്ളവരുടെ സങ്കടങ്ങളുമായി താദാത്മ്യപ്പെടുവാനും മധ്യസ്ഥപ്രാര്‍ത്ഥന സഹായിക്കുന്നുണ്ട്. സ്വന്തം ഇഷ്ടങ്ങളെ ബലികഴിച്ച് മറ്റുള്ളവരുടെ ഇഷ്ടങ്ങള്ക്കുവേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. അങ്ങനെ പ്രാര്‍ത്ഥിക്കുന്ന നമ്മെ ദൈവത്തിന് ഇഷ്ടമാകാതിരിക്കില്ല.
അതുപോലെ ശത്രുക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക. ഒരുപക്ഷേ ഇത് പലര്‍ക്കും എളുപ്പത്തില്‍ സാധിക്കുന്ന കാര്യമായിരിക്കില്ല. എന്നാല്‍ അക്കാര്യത്തില്‍ ഈശോ തന്നെ നമുക്ക് മാതൃകകാണിച്ചുതന്നിട്ടുണ്ട്. ഈശോ കുരിശില്കിടന്നപ്പോള് ശത്രുക്കള്ക്കുവേണ്ടിയാണല്ലോ പ്രാര്‍ത്ഥിച്ചത്. നമ്മുടെ അഹങ്കാരവും ഈഗോയും എല്ലാം കീഴ്പ്പെടുത്തിക്കളയുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഈ രണ്ടുരീതിയിലും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ നാം കൂടുതല്‍ തുറവിയുള്ളവരും നന്മയുള്ളവരും ദൈവത്തിന് പ്രീതിയുള്ളവരുമായി മാറും. അങ്ങനെയുള്ളവര്‍ ചോദിച്ചാല്‍ ദൈവത്തിന് മറുപടി തരാതിരിക്കാനാവില്ല.
ചുരുക്കത്തില്‍ മാധ്യസ്ഥപ്രാര്ത്ഥന, ശത്രുക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയിലൂടെ ദൈവം നമ്മെ തന്നെയാണ്അനുഗ്രഹിക്കുന്നത്. അതുകൊണ്ട് ഈ പ്രാര്ത്ഥനകളോടൊന്നും നാം ഒരിക്കലും മുഖംതിരിക്കരുത്.