സന്തോഷിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. എന്നാല്‍ ഈ സന്തോഷം നമുക്കെങ്ങനെയാണ് നേടിയെടുക്കാന്‍ കഴിയുന്നത്.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിവിധ പ്രഭാഷണങ്ങളില്‍ സന്തോഷത്തിന്റെ കാരണങ്ങളെക്കുറിച്ച് പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട് ആ പ്രഭാഷണങ്ങളിലെ പ്രധാനപ്പെട്ട ആശയങ്ങള്‍ കോര്‍ത്തെടുത്ത് വത്തിക്കാന്റെ വാര്‍ത്താ വിഭാഗം അടുത്തയിടെ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.
നല്ല അയല്‍വക്കബന്ധങ്ങളും പരിഗണനയും
മറ്റുള്ളവരെ പരിഗണിക്കുകയും സ്വാര്‍ത്ഥത ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാകും. അതുപോലെ നല്ല അയല്വക്ക ബന്ധങ്ങളും ഉണ്ടായിരിക്കണം. ഇങ്ങനെയുള്ളവരുടെ ജീവിതത്തിലും ഹൃദയത്തിലും സന്തോഷം ഉണ്ടായിരിക്കും.
സ്നേഹിക്കാനുള്ള കഴിവ്
സ്നേഹിക്കാന്‍ കഴിവുള്ളവര്‍ക്ക് സന്തോഷിക്കാനും കഴിയും. കൂട്ടായ്മയിലും മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും സനേഹം നല്‍കുക. മറ്റുള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കുക. മനസ്സിലാക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ സുതാര്യമായി ജീവിക്കുമ്പോള്‍ സന്തോഷം അനുഭവിക്കാനാവും.
ചിരിക്കാനുള്ള കഴിവ്
നര്‍മ്മബോധം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പലര്‍ക്കും ജീവിതത്തിന്റെ ടെന്‍ഷനുകള്‍ക്കിടയില്‍ ചിരിക്കാനോ ഫലിതം ആസ്വദിക്കാനോ കഴിയുന്നില്ല. ചിരിക്കാനും നര്‍മ്മം ആസ്വദിക്കാനും കഴിയുന്നവര്‍ക്ക് സന്തോഷിക്കാനാവും.
നന്ദിയുള്ള മനസ്സ്
ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളുടെ പേരില്‍ നന്ദിയുള്ള ഹൃദയമുണ്ടായിരിക്കുക. ദൈവത്തോടും മനുഷ്യരോടും നന്ദിയുണ്ടായിരിക്കുക. ഇവരുടെ ഹൃദയങ്ങളില്‍ സന്തോഷമുണ്ടാവും.
ക്ഷമിക്കാനും ക്ഷമ ചോദിക്കാനും അറിയണം
ഹൃദയത്തില്‍ വെറുപ്പും വിദ്വേഷവുമായി ജീവിക്കുന്നവര്‍ക്ക് ഒരിക്കലും സന്തോഷം അനുഭവിക്കാനാവില്ല. മറ്റുള്ളവരോട് ക്ഷമിക്കാന്‍ മാത്രമല്ല ആരോടെങ്കിലുമൊക്കെ ക്ഷമ ചോദിക്കാനുണ്ടെങ്കില്‍ അതും ചെയ്യണം. എങ്കില്‍ മാത്രമേ സ്ഥിരമായി ഹൃദയത്തില്‍ സന്തോഷം നിലനില്ക്കുകയുള്ളൂ.
സമര്‍പ്പിക്കാനുള്ള സന്നദ്ധത
മറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിക്കാന്‍ എന്തെങ്കിലുമൊക്കെ തയ്യാറുള്ളവര്‍ക്കും സന്തോഷം അപ്രാപ്യമല്ല.
പ്രാര്‍ത്ഥിക്കാനുള്ള മനസ്സ്
പ്രാര്‍ത്ഥന ജീവിതത്തിലെ നിരാശതയ്ക്കും ഏകാന്തതയ്ക്കുമുള്ള പരിഹാരമാണ്. പ്രാര്‍ത്ഥിക്കാന്‍ തയ്യാറാണോ മനസ്സില്‍ നിരാശ മാറി സന്തോഷം കടന്നുവരും
ദൈവത്തില്‍ ആശ്രയിക്കുക
ദൈവാശ്രയബോധമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.ജീവിതത്തിലെ കുരിശുകളിലും സഹനങ്ങളിലും ദൈവം കൂടെയുണ്ടെന്ന് തിരിച്ചറിയുന്ന ഒരാള്‍ക്ക് സന്തോഷിക്കാതിരിക്കാനാവില്ല. ഏതു പ്രതികൂലമായ അവസ്ഥയിലും അവരുടെ ഉള്ളില്‍ സന്തോഷത്തിന്റെ കെടാവിളക്കുകളുണ്ടായിരിക്കും.