ലിവിംങ് ടൂഗെദറിന് ബലം കുറവ്

ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന പുതിയ പ്രവണതയാണ് ലിവിംങ് ടൂഗെദര്‍. മാര്യേജ് ആക്ടും താലിയുമൊന്നും ഇല്ലാതെ ഇഷ്ടമുള്ളവര്‍, ഇഷ്ടമുള്ളവരോടൊത്ത് ഇഷ്ടമുള്ളിടത്തോളം കാലം ജീവിക്കുന്ന പരിഷ്‌കൃതമെന്ന് അവര്‍ വിശ്വസിക്കുന്ന ഒരു ജീവിതരീതിയാണ് ഇത്. ഇവിടെ പരസ്പരം പ്രതിബദ്ധതയുടെയോ ത്യാഗത്തിന്റെയോ വിട്ടുവീഴ്ചയുടെയോ ആവശ്യം ഉദിക്കാറുമില്ല. സ്ഥിരമായ ബന്ധങ്ങളില്‍ ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്കെല്ലാം തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പുതിയൊരു ലോകമായിട്ടാണ് ലിവിംങ് ടുഗെദറിനെ കണ്ടത്. എന്നാല്‍ ആഗോളവ്യാപകമായി 11 രാജ്യങ്ങളില്‍ നടത്തിയ ഒരു പഠനം പറയുന്നത് സാധാരണഗതിയിലുള്ള കുടുംബബന്ധങ്ങളെ വച്ചുനോക്കുമ്പോള്‍ സഹവാസം എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഇത്തരം ബന്ധങ്ങള്‍ക്ക് ആത്മാര്‍ത്ഥതയോ വിശ്വാസമോ പരസ്പരദൃഡതയോ ഇല്ല എന്നാണ്. അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പോലും പരസ്പരം സംശയിക്കുന്നു.

കുടുംബജീവിതക്കാര്‍ തങ്ങളുടെ ബന്ധത്തിന് കൊടുക്കുന്ന മഹത്വമോ ആദരവോ ഇവര്‍ ലിവിംങ് ടുഗെദറിന് നല്കുന്നുമില്ല. ഗ്ലോബര്‍ ഫാമിലി ആന്റ് ജെന്‍ഡര്‍ സര്‍വ്വേയാണ് ഈ പഠനം നടത്തിയത്. വിവിധ രാജ്യങ്ങളിലെ സഹവാസക്കാരിലും കുടുംബജീവിതക്കാരിലുമാണ് പഠനം നടത്തിയത്. കുുടംബജീവിതക്കാരുടെ മക്കള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും ബന്ധങ്ങളില്‍സ്ഥിരത പുലര്‍ത്തുന്നവരുമായി കണ്ടപ്പോള്‍ സഹവാസക്കാരുടെ മക്കള്‍ക്ക് അത്തരം സല്‍ഗുണങ്ങള്‍ കണ്ടെത്താനായില്ല. അതുപോലെ യുഎസില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് സഹവാസക്കാരില്‍ 36 ശതമാനവും സംശയരോഗികളാണെന്നാണ്. എന്നാല്‍ കുടുംബജീവിതക്കാരില്‍ ഇത് വെറും 17 ശതമാനം മാത്രമേ വരുന്നുള്ളൂ. യുകെയിലെ സഹവാസക്കാരില്‍ 39 ശതമാനത്തിന് തങ്ങളുടെ ബന്ധം സ്ഥിരതയുള്ളതാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഓസ്‌ട്രേലിയായില്‍ അത് 35 ഉം കാനഡ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ യഥാക്രമം അത് 34 ഉം 31 ഉം ആണ്. ചുരുക്കത്തില്‍ ദൈവം കൂട്ടിയോജിപ്പിച്ചതിനും മനുഷ്യന്‍ സ്വയം കണ്ടെത്തിയതിനും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവുക തന്നെ ചെയ്യും. ദൈവം കൂട്ടിയോജിപ്പിച്ചവയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ദൈവം അതില്‍ ഇടപെടും. മനുഷ്യന്‍ സ്വയം സൃഷ്ടിച്ചെടുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അവന്‍ തന്നെ പരിഹാരം കണ്ടെത്തേണ്ടതായി വരും.

സരളഹൃദയനായി സൃഷ്ടിച്ചെങ്കിലും അവന്റെ പ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണെന്ന് വിശുദ്ധഗ്രന്ഥം പറയുന്നത്  ശരിവയ്ക്കുന്നതാണ് ലിവിംങ് ടുഗെദര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.