പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന്റെ അളവുകോല്‍ ജനകീയ കാര്‍ഷിക പ്രശ്‌നങ്ങളായിരിക്കണം: ഇന്‍ഫാം

കോട്ടയം: മതവും ജാതിയും വര്‍ഗീയതയും വര്‍ഗസമരവുമല്ല, മറിച്ച് കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലുകളും കാര്‍ഷിക ജനകീയപ്രശ്‌നങ്ങളുമായിരിക്കണം പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്നതിന്റെ മാനദണ്ഡവും അളവുകോലുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 

വിഷംചീറ്റുന്ന വര്‍ഗീയവാദങ്ങള്‍കൊണ്ട് ജനമനസാക്ഷിയെ വിലയ്‌ക്കെടുക്കുവാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. വര്‍ഗ്ഗസമരങ്ങളിലൂടെ പുത്തന്‍ മുതലാളിത്തവ്യവസ്ഥിതി രൂപപ്പെട്ടിരിക്കുമ്പോള്‍ ഇന്ത്യയിലേയും കേരളത്തിലെയും കര്‍ഷകര്‍ ദരിദ്രരായി മാറുകയും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും ചെയ്തിരിക്കുന്നത് നിസാരവത്കരിക്കരുത്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങള്‍ നേരിടുന്ന ജീവിതപ്രശ്‌നങ്ങള്‍ പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ ജനകീയപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. ഭീകരവാദവും ദേശീയസുരക്ഷയും വിലക്കയറ്റവും തൊഴിലില്ലായ്മയും ഗ്രാമീണകര്‍ഷകജനസമൂഹത്തിന്റെ ദുരിതവുമായിരിക്കണം ഇനിയാരു രാജ്യം ഭരിക്കണമെന്ന തീരുമാനത്തിന്റെ അളവുകോല്‍. നോട്ടുനിരോധനത്തിന്റെ ആഘാതം സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍ ഗ്രാമീണമേഖല ഇന്നും തകര്‍ച്ചയിലാണ്. വിലത്തകര്‍ച്ചയും കടക്കെണിയും ആത്മഹത്യകളും കാര്‍ഷികോല്പന്നങ്ങളുടെ നികുതിരഹിത ഇറക്കുമതിയും ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടനയ്ക്ക് എല്‍പ്പിച്ചിരിക്കുന്ന വന്‍പ്രഹരത്തില്‍നിന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകളില്ലാതെ ഒളിച്ചോട്ടം നടത്തുന്നത് ജനവഞ്ചനയാണ്.

നടപ്പിലാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങളവതരിപ്പിക്കുന്ന പ്രകടനപത്രികകള്‍ പ്രഹസനപത്രികകളായി ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പുത്തന്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എത്ര വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്ന് തിരിച്ചുചോദിക്കുവാന്‍ പൊതുസമൂഹം ഉണരണം. ഇന്ത്യയിലെ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് രാഷ്ട്രീയ നിലപാടുകളെടുക്കാന്‍ മുന്നോട്ടുവരണം. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും മുന്നണികളുടെയും പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും പ്രകടനപത്രികകള്‍ക്കും ബദലായി കര്‍ഷകപത്രികയ്ക്ക് രൂപം നല്‍കുമെന്നും കര്‍ഷകപ്രസ്ഥാനങ്ങളും നിലപാടുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.