ന്യൂയോര്‍ക്ക്: ബ്രൂക്ക്‌ലൈന്‍ സെന്റ് അഗസ്റ്റ്യന്‍ ദേവാലയത്തിലെ പുരാതന സക്രാരി മോഷണം പോയി.സ്വര്‍ണ്ണവുംവെള്ളിയും ചേര്‍ത്തുണ്ടാക്കിയ സക്രാരി മോഷണം പോയതായി കണ്ടെത്തിയത് ശനിയാഴ്ചയാണ്. ദേവാലയത്തില്‍ നിന്നുളള പത്രക്കുറിപ്പ് പറയുന്നു.
കൂദാശ ചെയ്ത തിരുവോസ്തി ഉപേക്ഷിക്ക പ്പെട്ട നിലയില്‍ ഗ്രൗണ്ടില്‍നിന്ന് കണ്ടെത്തി. പവര്‍ടൂള്‍സ് ഉപയോഗിച്ച് മുറിച്ചുനീക്കിയാണ് സക്രാരി മോഷ്ടിച്ചുകൊണ്ടുപോയത്. രണ്ടുമില്യന്‍ ഡോളര്‍ ചെലവില്‍ പണികഴിപ്പിച്ച സക്രാരിയാണ് ഇത്.
1890 മുതല്‍ ഈ സക്രാരിയാണ് ഉപയോഗിച്ചുവരുന്നത്, 19 ാം നൂറ്റാണ്ടിലാണ് ദേവാലയം പണികഴിപ്പിക്കപ്പെട്ടത്. 18K ഗോള്‍ഡും സില്‍വറുമാണ് സക്രാരിയുടെ ആവരണമായി ഉപയോഗിച്ചിരിക്കുന്നത്. പരിപാവനമായ തിരുവോസ്തിയോടുള്ള തികഞ്ഞ അപമാനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വികാരി ഫാ. ഫ്രാങ്ക് ടുമിനോ പ്രതികരിച്ചു.
അമേരിക്കയില്‍ ഉടനീളം ഇപ്പോള്‍ ക്രൈസ്തവദേവാലയങ്ങള്‍ക്കും വിശുദ്ധവസ്തുക്കള്‍ക്കും നേരെ അപമാനവും ആക്രമണവും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.