വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണില്‍ ലെബനോന് സന്ദര്‍ശിക്കും. ലെബനോന് പ്രസിഡന്റ് മൈക്കല്‍ ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചത്, ലെബനോനിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ പങ്കുവച്ച കാര്യമാണ് പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.
ലെബനോനിനോടുള്ള പരിശുദ്ധപിതാവിന്റെ താല്പര്യത്തിന് നന്ദി പറഞ്ഞും ലെബനോന് ജനത വളരെ ആകാംക്ഷപൂര്‍വ്വമാണ് ഈ സന്ദര്‍ശനത്തെ കാത്തിരിക്കുന്നതെന്നും മറ്റൊരു ട്വീറ്റിലും അദ്ദേഹം കുറിച്ചു. മാരോനൈറ്റ് കത്തോലിക്കാസഭാംഗമാണ് പ്രസിഡന്റ് മൈക്കല്‍.
ജൂണ്‍ 12 നായിരിക്കും പാപ്പായുടെ സന്ദര്‍ശനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലതവണ ഫ്രാന്‍സിസ് മാര്‍പാപ്പ ലെബനോന് സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മാള്‍ട്ടയില്‍ നിന്ന് മട്ങ്ങുന്ന വഴി വിമാനത്തില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തിലും പാപ്പ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
സിറിയായില്‍ നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം, സാമ്പത്തികപ്രതിസന്ധി, ഭരണഅസ്ഥിരത, കോവിഡ് തുടങ്ങിയവ മൂലം ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ലെബനോന്. യുക്രെയിനിലേക്കുള്ള റഷ്യന്‍ അധിനിവേശം മൂലം ഭക്ഷണക്ഷാമവും രാജ്യം നേരിടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വളരെ നിര്‍ണ്ണായകമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലെബനോന് സന്ദര്‍ശനം.