യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം വര്‍ത്തമാനകാലത്തില്‍ നടക്കുന്നു: ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ

.യൂദാസിന്റെ പ്രേതങ്ങളുടെ പൊതുസമ്മേളനം നടന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലമാണ് ഇതെന്ന് ഫാ. റോയ് കണ്ണഞ്ചിറ സിഎംഐ. അഭിഷിക്തരുടെ കോലം കത്തിക്കുന്നതിന് അഭിഷേകത്തിന്റെ ഉടുപ്പുമിട്ട് അഭിഷിക്തര്‍ പോലും കാവലിരുന്നു എന്നും ക്രിസ്തുവിനെ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്ത യൂദാസ് ആ നാണയങ്ങളും കിലുക്കി അധികനേരം ഇരുന്നില്ല എന്ന കാര്യം ഓര്‍മ്മിക്കണമെന്നും ഒറ്റ് ഒരു നല്ല കൃഷിയാണെന്നും തന്റെ സന്ദേശത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നോമ്പുകാല സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

പീഡാനുഭവകാലത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മയാണ് യൂദാസിന്റെ ഒറ്റുകൊടുക്കല്‍. ചുംബനം കൊണ്ട് നീയെന്നെ ഒറ്റിക്കൊടുക്കുകയാണോ എന്ന് യൂദാസിനോട് ഈശോ ചോദിക്കുന്ന നിമിഷമുണ്ട്. ഗുരുശിഷ്യബന്ധത്തിന്‍െ ഹൃദയം നുറുങ്ങുന്ന നിമിഷമാണ് അത്. ഒന്നുംപറയാതെ യേശുവിനെ കള്ളന്മാര്‍ക്കും കൊള്ളസംഘത്തിനും ഏല്പിച്ചുകൊടുത്ത് പിന്‍വാങ്ങുകയാണ് യൂദാസ്.

തിരികെവീട്ടിലെത്തിയ യൂദാസ് 30 വെള്ളിക്കാശും കിലുക്കി അധികസമയം ഇരുന്നില്ല എന്നത് ബൈബിളിന്റെ പശ്ചാത്തലധ്യാനമാണ്. വര്‍ത്തമാനകാലത്ത് ഒറ്റുകാര്‍ കുറവല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. ക്രിസ്തുവിന് ശിഷ്യര്‍ ഉണ്ട് എന്നതുപോലെ യൂദാസിനും ശിഷ്യരുണ്ട് എന്നും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അന്ന് യൂദാസിന് 30 വെളളിനാണയമേ ലഭിച്ചിട്ടുള്ളൂവെങ്കില്‍ ഇന്ന് മുപ്പതും മൂവായിരവും നാണയങ്ങളല്ല മൂന്നുകോടി സ്വര്‍ണ്ണനാണയങ്ങളെക്കാള്‍ വിലമതിക്കുന്ന ഒരു സഭാസംസ്‌കാരത്തിന്റെ തിരു ശേഷിപ്പുകളുടെ വിലയാണ് ഒറ്റുകാര്‍ ഇന്ന് പ്രതിഫലമായി കൈപ്പറ്റുന്നത്. ഗുരുവിനെ ഒറ്റുകൊടുക്കുന്നവനെ മാതൃകയാക്കി കുശവന്റെ പറമ്പിന് സമീപം ഇന്നും കാവലിരിക്കുന്നവരുണ്ട്, കുറുനരികളും ചെന്നായ്ക്കളും. സഭയില്‍ കുരിശിന്റെ വഴിതുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗുരുരൂപങ്ങള്‍ കുരിശിലേറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒറ്റുകൊടുക്കപ്പെട്ട, വിരുപമാക്കപ്പെട്ട ഗുരുവിന്റെ ശിഷ്യരായി ഇന്ന് കേരളത്തിലും ആഗോളകത്തോലിക്കാസമൂഹത്തിലും ഒരു സമൂഹം ഉയിര്‍ത്തെണീറ്റുകൊണ്ടിരിക്കുകയാണ്. ഞങ്ങളിവിടെയുണ്ട് എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിരൂപമാക്കപ്പെട്ട ഗുരുവിന്റെ മുഖത്തോട് ചേര്‍ത്ത് പറയാന്‍ കഴിയുന്ന ഒരു സമൂഹം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. ഫാ. റോയ് കണ്ണഞ്ചിറ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.