ഈ തീയതി വരെ ഈശോയുടെ ദിവ്യഹൃദയത്തിലെ പുണ്യങ്ങളാലും ഈ ദിവ്യഹൃദയം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നവയെയും പറ്റി ധ്യാനിച്ചശേഷം ഈ അവസാന ധ്യാനത്തില്‍ മിശിഹായുടെ ദിവ്യഹൃദയം തന്‍റെ മാതാവായ പരിശുദ്ധ കന്യകമറിയത്തിന്‍റെ നേരെ നാം ഭക്തിയായിരിക്കുവാന്‍ അത്യന്തം ആഗ്രഹിക്കുന്നുവെന്നതിന്‍മേല്‍ സംക്ഷേപമായി ധ്യാനിക്കാം. ബര്‍ണ്ണാദു പുണ്യവാന്‍ പ്രസ്താവിക്കുന്നതുപോലെ “കന്യാസ്ത്രീ മറിയം നിത്യവചനത്തിന്‍റെ മാതാവാകുന്നതിനു സമ്മതം കൊടുത്ത ആ ക്ഷണം മുതല്‍ ഭൂമിയുടെ മേല്‍ അധികാരത്തിനും ലോകപരിപാലനയ്ക്കും സമസ്ത സൃഷ്ടികളുടെയും മേല്‍ ഭരണത്തിനും യോഗ്യയായിത്തീര്‍ന്നു. ഈശോ മിശിഹായുടെയും മറിയത്തിന്‍റെയും മാംസം ഒന്നായിരിക്കയില്‍ പുത്രന്‍റെ ഭരണത്തില്‍ നിന്ന്‍ അമ്മയെ വേര്‍തിരിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ രാജമഹിമ പുത്രനും അമ്മയ്ക്കും പൊതുവായി ഞാന്‍ വിചാരിക്കുന്നു. അത് ഒന്നുതന്നെയാണെന്നാണ് എന്‍റെ അഭിപ്രായം.”
ബര്‍ണ്ണദീനോ ദെസ്യേന എന്ന പുണ്യവാന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു, “ദൈവത്തെ ശുശ്രൂഷിക്കുന്ന സൃഷ്ടികള്‍ എത്രയായിരിക്കുന്നുവോ അവയൊക്കെയും കന്യാസ്ത്രീ ദൈവമാതാവിനെയും ശുശ്രൂഷിക്കുന്നു. എന്നും അപ്രകാരം തന്നെ മാലാഖമാരും മനുഷ്യരും ആകാശത്തിലും ഭൂമിയിലും ഉള്ള സമസ്ത വസ്തുക്കളും ദൈവാധികാരത്തിന് കീഴ്പ്പെട്ടിരിക്കുന്നത് പോലെ കന്യാസ്ത്രീ ദൈവമാതാവിനും അധീനങ്ങളായിരിക്കുന്നു”.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ പരിശുദ്ധ കന്യകയായ അമലോത്ഭവ മറിയത്തില്‍ നിന്നു പിറന്ന ക്ഷണം മുതല്‍ ഈശോ തന്‍റെ മാതാവിന് ഇടവിടാതെ കീഴ്വഴങ്ങി അവിടുത്തെ കല്‍പനകളെ കൃത്യമായി നിറവേറ്റുന്നു. കാനായിലെ കല്യാണ വിരുന്നില്‍ അത്ഭുതത്തിനുള്ള സമയം വന്നില്ലായെന്നു പറയുന്നെങ്കിലും ഈശോ തന്‍റെ അമ്മയുടെ നേരെയുള്ള സ്നേഹത്തെപ്രതിയും ആ രാജ്ഞിയെ ബഹുമാനിക്കുന്നതിനായിട്ടും മറിയത്തിന്‍റെ അപേക്ഷ പ്രകാരം അത്ഭുതം ചെയ്ത് വെള്ളം വീഞ്ഞാക്കുന്നു. ഈ സംഭവത്തില്‍ നിന്ന്‍ മതദ്വേഷികളുടെ അഭിപ്രായപ്രകാരം ഈശോ തന്‍റെ മാതാവിന്‍റെ അപേക്ഷയേയും ആഗ്രഹത്തെയും നിവൃത്തിക്കാതെയിരിക്കയില്ല. പ്രത്യുത ഈ നാഥയുടെ നേരെ ഭക്തിയും സ്നേഹവും കാണിച്ചു സകല സന്തതികളെക്കൊണ്ടും അവളെ ഭാഗ്യവതിയെന്ന് വിളിക്കുവാന്‍ ഇടയാക്കി എന്നതാണ് വിശദമാകുന്നത്.
ദിവ്യരക്ഷകനായ ഈശോ വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് ആഹാരമായി തന്നശേഷം കുരിശിന്‍ ചുവട്ടില്‍ വച്ച് തന്‍റെ മാതാവിനെ ത്തന്നെ നമുക്കു മദ്ധ്യസ്ഥയും നാഥയുമായി തരുന്നു. കുരിശില്‍ തൂങ്ങിക്കിടക്കയില്‍ വിശുദ്ധ യോഹന്നാനെ നോക്കി പരിശുദ്ധ കന്യകയെ കാണിച്ചുകൊണ്ട് “ഇതാ നിന്‍റെ അമ്മ” എന്നും തന്‍റെ അമ്മയെ നോക്കി “സ്ത്രീയെ! ഇതാ നിന്‍റെ പുത്രന്‍” എന്നു അവിടുന്നു അരുളിച്ചെയ്തു. തല്‍ക്ഷണം മുതല്‍ മനുഷ്യവര്‍ഗ്ഗം മുഴുവനേയും ഉദ്ദേശിച്ച് യോഹന്നാനെ ചൂണ്ടിക്കാണിച്ചതു കൊണ്ട് സകല മനുഷ്യനും ഈ പരിശുദ്ധ കന്യകയുടെ പുത്രന്മാരും അവിടുന്ന്‍ സകല ജനങ്ങളുടെയും മാതാവും മദ്ധ്യസ്ഥയുമായിത്തീര്‍ന്നു. ഇവയില്‍ നിന്ന്‍ ദിവ്യരക്ഷകനായ ഈശോമിശിഹായ്ക്കു തന്‍റെ പരിശുദ്ധ മാതാവിന്‍റെ നേരെയുള്ള സ്നേഹവും ഭക്തിയും അവര്‍ണ്ണനീയമെന്ന് തെളിയുന്നില്ലയോ?
മിശിഹാ കഴിഞ്ഞാല്‍ അവിടുത്തെ മാതാവിനെ സകല സൃഷ്ടികളെയുംകാള്‍ അധികമായി ഏവരും സ്നേഹിക്കണമെന്നും ബഹുമാനിക്കണമെന്നും ഈശോയുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നുതന്നെ വ്യക്തമാകുന്നില്ലയോ?
പരിശുദ്ധ ജനനിയെ സകല ജനങ്ങളുടെയും മദ്ധ്യസ്ഥയും നാഥയുമായി നമുക്കു തന്നിരിക്കയില്‍ നമ്മുടെ ആശ്രയവും ശരണവും ഈ അമ്മയായിരിക്കുന്നുവെന്നറിയേണ്ടത് ആവശ്യമാണ്. മിശിഹായുടെ ദിവ്യഹൃദയത്തിലെ അനുഗ്രഹങ്ങളെയും നിക്ഷേപങ്ങളെയും ലഭിക്കുവാന്‍ പരിശുദ്ധ അമ്മ വഴിയായി അപേക്ഷിക്കുന്നത് ഈ ദിവ്യഹൃദയത്തിനു ഏറ്റം പ്രസാദിക്കുന്ന ഒരു കാര്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ സകലതും മറിയം വഴിയായി അപേക്ഷിക്കുന്നുവെങ്കില്‍ ലഭിക്കാതെ വരികയില്ലായെന്നു ബര്‍ണ്ണാദു പുണ്യവാന്‍ പഠിപ്പിക്കുന്നു. ആയതിനാല്‍ മിശിഹായുടെ ദിവ്യഹൃദയാനുഗ്രഹങ്ങളെ ധാരാളമായി കൈക്കൊള്ളുവാനും അവിടുത്തെ പ്രീതി സമ്പാദിക്കുവാനും പരിശുദ്ധ മറിയത്തെ ബഹുമാനിക്കുവാനും സ്നേഹിക്കുവാനും ചെയ്യുവാന്‍ നമുക്കു ആത്മാര്‍ദ്ധമായി പരിശ്രമിക്കാം.
ജപം
ഈശോയുടെ കൃപ നിറഞ്ഞ ദിവ്യഹൃദയമേ! അങ്ങേ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങേ മാധുര്യം നിറഞ്ഞ ഹൃദയം അങ്ങേ മാതാവായ പരിശുദ്ധ കന്യകമറിയത്തെ സ്നേഹിക്കുന്നതുപോലെ, ഈ അമ്മയെ ബഹുമാനിക്കുന്ന ആത്മാക്കളെയും അതിവാത്സല്യത്തോടെ സ്നേഹിക്കുന്നുവെന്ന് അറിയുന്നതില്‍ മഹാപാപിയായ ഞാന്‍ അത്യന്തം സന്തോഷിക്കുന്നു. അങ്ങേ പരിശുദ്ധ അമ്മയുടെ അപേക്ഷയെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കായില്ലായെന്ന് അങ്ങുതന്നെ എന്നെ പഠിപ്പിച്ചിരിക്കയില്‍ എന്‍റെ ശരണം മുഴുവനും ഈ അമ്മയില്‍ വയ്ക്കാതെയിരിക്കുന്നതെങ്ങനെ? സ്നേഹം നിറഞ്ഞ ഈശോയെ! എന്‍റെ ജീവിതകാലത്തില്‍ അങ്ങയുടെയും അങ്ങേ പരിശുദ്ധ ജനനിയുടെയും സ്നേഹത്തില്‍ നിലനില്പ്പാനും അങ്ങേ വളര്‍ത്തു പിതാവായ മാര്‍ യൗസേപ്പ് നിങ്ങളുടെ തൃക്കരങ്ങളില്‍ തന്‍റെ പരിശുദ്ധാത്മാവിനെ കയ്യേല്‍പ്പിച്ചതുപോലെ “ഈശോ മറിയം യൗസേപ്പേ! നിങ്ങളുടെ തൃക്കരങ്ങളില്‍ എന്‍റെ ആത്മാവിനെ കയ്യേല്‍പ്പിക്കുന്നു” വെന്ന് ചൊല്ലി നിങ്ങളുടെ തിരുനാമങ്ങള്‍ മനസ്താപത്തോടും സ്നേഹത്തോടും കൂടെ ഉദ്ധരിച്ച് എന്‍റെ ഈ ലോകജീവിതം അവസാനിപ്പിക്കുന്നതിനും കര്‍ത്താവേ എനിക്കു ഇടവരുത്തിയരുളണമേ.
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും വിനീതഹൃദയനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദാശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,
ദൈവ ഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
സകല ഹൃദയങ്ങള്‍ക്കും അധിപനും കേന്ദ്രവുമായ ഈശോയുടെ തിരുഹൃദയമേ,
ജ്ഞാനത്തിന്റെയും അറിവിന്റെയും നിധിയൊക്കെയും ഉള്‍കൊണ്ടിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
ദൈവത്വത്തിന്‍ പൂര്‍ണ്ണതയൊക്കെയും വസിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
നിത്യപിതാവിന് പ്രസാദിച്ചിരിക്കുന്നതായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങള്‍ക്കെല്ലാവര്‍ക്കും സിദ്ധിച്ചിരിക്കുന്ന നന്മകളുടെ സമ്പൂര്‍ണ്ണ നിധിയായ ഈശോയുടെ തിരുഹൃദയമേ,
നിത്യപര്‍വ്വതങ്ങളുടെ ആശയമായ ഈശോയുടെ തിരുഹൃദയമേ,
ക്ഷമയും അധിക ദയയുമുള്ള ഈശോയുടെ തിരുഹൃദയമേ,
അങ്ങേ കൃപ അപേക്ഷിക്കുന്ന സകലരെയും ഐശ്വര്യപ്പെടുത്തുന്ന ഈശോയുടെ തിരുഹൃദയമേ,
ജീവന്റെയും വിശുദ്ധിയുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരമായിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
നിന്ദകളാല്‍ പൂരിതമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ അക്രമങ്ങള്‍ നിമിത്തം തകര്‍ന്ന ഈശോയുടെ തിരുഹൃദയമേ,
മരണത്തോളം കീഴ് വഴങ്ങിയ ഈശോയുടെ തിരുഹൃദയമേ,
സകല ആശ്വാസങ്ങളുടെയും ഉറവയായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ ജീവനും ഉയിര്‍പ്പുമായ ഈശോയുടെ തിരുഹൃദയമേ,
ഞങ്ങളുടെ സമാധാനവും അനുരജ്ഞനവുമായ ഈശോയുടെ തിരുഹൃദയമേ,
പാപങ്ങള്‍ക്ക് പരിഹാരബലിയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങയില്‍ ആശ്രയിക്കുന്ന രക്ഷയായ ഈശോയുടെ തിരുഹൃദയമേ,
അങ്ങില്‍ മരിക്കുന്നവരുടെ ശരണമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദ് കൂദാശയുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
തിരുഹൃദയത്തിന്‍ നാഥേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.