കീവ്: റഷ്യ-യുക്രെയ്ന്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള വത്തിക്കാന്റെ മാധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായി യുക്രെയ്ന്‍ പ്രസിഡന്റ് സോളെന്‍സ്‌ക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷം സോളെന്‍സ്‌ക്കി തന്നെ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.
വത്തിക്കാന്റെ മാധ്യസ്ഥശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും യുക്രെയ്‌ന്റെ സമാധാനത്തിനുവേണ്ടിയുള്ള പാപ്പായുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. വളരെ പ്രധാനപ്പെട്ട വാക്കുകളാണ് പാപ്പ സംസാരിച്ചത്.
സമാധാനത്തിന് വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം ഞാന്‍ മനസ്സിലാക്കുന്നു. സ്വയമുള്ള പ്രതിരോധരീതികള്‍ മനസ്സിലാക്കുന്നു, പട്ടാളക്കാരും ജനങ്ങളും തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നു.. പാപ്പ പറഞ്ഞതായി സോളെന്‍സ്‌ക്കി വ്യക്തമാക്കി.
റഷ്യന്‍ സേന 117 കുട്ടികളെ കൊന്നൊടുക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് മുറിവേല്ക്കുകയും ചെയ്തു. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് നശിപ്പിക്കപ്പെട്ടത്. അദ്ദേഹം വ്യക്തമാക്കി. ഇതെല്ലാം ആരംഭിച്ചത് ഒരു വ്യക്തിയില്‍ നിന്നാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുക്രെയ്‌ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഫോണ്‍ സംഭാഷണത്തില്‍ ഉറപ്പുനല്കിയിട്ടുണ്ട്.