വത്തിക്കാന്‍ സിറ്റി: യുദ്ധകലുഷിതമായ പശ്ചാത്തലത്തില്‍ റഷ്യയെയും യുക്രെയ്‌നെയും ഫ്രാന്‍സിസ് മാര്‍പാപ്പ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. മാര്‍ച്ച് 25 ന് വൈകുന്നേരം അഞ്ചു മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചായിരിക്കും ചടങ്ങും. അതേ ദിവസം അതേ കര്‍മ്മം ഫാത്തിമായിലും നടക്കും. കര്‍ദിനാള്‍ ക്രാജേസ്‌ക്കിയാണ് ഫാത്തിമായില്‍ വിമലഹൃദയ സമര്‍പ്പണം നടത്തുന്നത്. ഇന്നലെയാണ് ഇതുസംബന്ധിച്ച് വത്തിക്കാന്‍ പ്രസ്താവന പുറപ്പെടുവിച്ചത്.
കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി കഴിഞ്ഞ ആഴ്ച യുദ്ധഭൂമിയായ യുക്രെയ്ന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനപ്രകാരം സന്ദര്‍ശിച്ചിരുന്നു. 1984 മാര്‍ച്ച് 25 നാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റഷ്യയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. മാര്‍ച്ച് 25 മാതാവിന്റെ മംഗളവാര്‍ത്താ തിരുനാള്‍ കൂടിയാണ്.
വിസ്തീര്‍ണ്ണം കൊണ്ട് യൂറോപ്പിലെ വലിയ രാജ്യങ്ങളാണ് യുക്രെയ്‌നും റഷ്യയും. ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് രാജ്യങ്ങളായ ഇവ രണ്ടും മരിയഭക്തിയിലും മുമ്പന്തിയിലാണ്. യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് യുക്രെയ്‌നിലെ മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.