കൊല്‍ക്കൊത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒന്നരവര്‍ഷമായി എസ്ആര്‍എം റോഡിലുള്ള റീജണല്‍ ഹൗസില്‍ റീജണല്സുപ്പീരിയറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മുമ്പ് പോളണ്ടില്‍ റീജിണല്‍ സുപ്പീരിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
68 കാരിയായ സിസ്റ്റര്‍ മേരി ജോസഫിന്റെ സമര്‍പ്പിതജീവിതത്തിന്റെ ഏറിയ പങ്കും യൂറോപ്യന്‍ രാജ്യങ്ങളിലായിരുന്നു. കേരളത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷം മാത്രമാണ് ഉണ്ടായിരുന്നത്.
തൃശൂര്‍ പൊയ്യ പാറയില്‍ ദേവസി കൊച്ചുത്രേസ്യ ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമത്തെയാളാണ് സിസ്റ്റര്‍ മേരി. നാലു സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്ത് ഒരു ഇന്ത്യക്കാരി അതും മലയാളി ആദ്യമായിട്ടാണ് തിരഞ്ഞെടുക്കപ്പെടുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയര്‍ ജനറലാണ് സിസ്റ്റര്‍ മേരി. മദര്‍ തെരേസയ്ക്ക് പിന്നാലെ സിസ്റ്റര്‍ നിര്‍മ്മല ജോഷിയും തുടര്‍ന്ന് സിസ്റ്റര്‍ മേരി പ്രേമയുമായിരുന്നു തല്‍സ്ഥാനങ്ങള്‍ വഹിച്ചിരുന്നത്.