കീവ്: റഷ്യന്‍ പട്ടാളത്തിന്റെ അധിനിവേശത്തെ തുടര്‍ന്ന് മാരിപ്പോള്‍ നഗരം സെമിത്തേരിയായി മാറിയിരിക്കുകയാണെന്ന് യുക്രെനിയന്‍ കത്തോലിക്കാ നേതാവ് ആര്‍ച്ച് ബിഷപ് സിവിയാറ്റോസ്ലാവ് ഷെവുചുക്ക്. റഷ്യയുടെ പൂര്‍ണ്ണതോതിലുള്ള അധിനിവേശത്തോടെ കൂട്ടക്കൊലപാതകങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മാരിപ്പോള്‍, സിറ്റി ഓഫ് മേരി എന്നാണ് അറിയപ്പെടുന്നത്. അവിടമാണ് ഇപ്പോള്‍ സെമിത്തേരിയായി മാറിയിരിക്കുന്നത്.
പതിനായിരങ്ങളാണ് ഇവിടെ കഴിഞ്ഞ ദിവസം കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഞങ്ങള്‍ ഞങ്ങളുടെ ശബ്ദം ലോകത്തോട് മുഴുവനുമായി ഉയര്‍ത്തുന്നു, അരുത്. ഓരോ ക്രൈസ്തവരും തങ്ങളുടെ മനസ്സാക്ഷി അനുസരിച്ച് ഇതുതന്നെ ലോകത്തോട് പറയണം. ഇന്നലെ വളരെ ഭീകരരംഗങ്ങള്‍ക്കാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. കൂട്ടമായി സംസ്കാരം നടത്തുന്നു, പൊതുവായ സംസ്കാരങ്ങളും. ജീവനറ്റ നൂറുകണക്കിന് ശരീരങ്ങള്‍ ഒരുമിച്ച്സംസ്കരിക്കപ്പെട്ടു.. അരുത് ദയവായി യുക്രെയ്നെ കൂട്ടക്കൊല ചെയ്യരുത്. നാസിസത്തിന്റെയോ സ്റ്റാലിന്റെ ഏകാധിപത്യത്തിന്റെയോ കാലത്തുപോലും ഇതുപോലെയൊരു കൂട്ടസംസ്കാരം നടന്നിട്ടില്ല. ക്രൈസ്തവപ്രാര്‍ത്ഥനകള്‍ ഇല്ലാതെയോ ആദരവില്ലാതെയോ സംസ്കാരം ഉണ്ടായിട്ടില്ല. അദ്ദേഹം പറഞ്ഞു.
1,424 പട്ടാളക്കാരാണ് മാര്‍ച്ച് ഒമ്പതിന് അത്യാഹിതവിഭാഗത്തിലുള്ളതെന്ന് യു എന്‍ ഹ്യൂമന്‍ റൈറ്റ് ഓഫീസ് അറിയിച്ചു. ഇതില്‍ 516 പേര് കൊല്ലപ്പെട്ടു. 908 ആളുകള്‍ പരിക്കേറ്റ് കഴിയുകയാണ്. ഇതിനെക്കാള്‍ കൂടുതലായിരിക്കും അംഗസംഖ്യയെന്നാണ് കരുതുന്നത്.
മാരിപ്പോള്‍ നഗരത്തെ നരകമെന്നാണ് ഫാ. പാവ് ലോ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതൊരു ദുരന്തമാണെന്ന് ലോകത്തോട് പറയൂ. അദ്ദേഹം ലോകമനസാക്ഷിയോട് പറയുന്നു.