ജൂണ്‍ 27. നിത്യസഹായ മാതാവിന്റെ തിരുനാള്‍. മരിയഭക്തരുടെ ഹൃദയത്തുടിപ്പാണ് നിത്യസഹായ മാതാവ്. അമ്മയോടുള്ള ഭക്തിയിലാണ് ഓരോ കത്തോലിക്കന്റെയും ആത്മീയജീവിതം അഭിവൃദ്ധിപ്രാപിക്കുന്നത്. നിത്യവും സഹായമായി എപ്പോഴും ഏതു നേരത്തും അമ്മ അരികിലുണ്ട് എന്നതാണ് നിത്യസഹായമാതാവ് നമുക്ക് നല്‍കുന്ന് വാഗ്ദാനം.
വിശുദ്ധ ലൂക്കാ സുവിശേഷകനാണ് നിത്യസഹായമാതാവിന്റെ ചിത്രം വരച്ചതെന്നാണ് പാരമ്പര്യവിശ്വാസം. പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ തിരുസ്വരൂപം മോഷണം പോകുകയും പിന്നീട് മോഷ്്ടാവായ വ്യാപാരി തന്റെ മരണശേഷം ഈ രൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയുമായിരുന്നു.
പക്ഷേ വ്യാപാരിയുടെ ഭാര്യ ഇതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും അവരുടെ കിടപ്പുമുറിയില്‍ തന്നെ ഈ രൂപം പ്രതി്ഷ്ഠിക്കുകയുമാണ് ഉണ്ടായത്. എന്നാല്‍ മാതാവ് നേരിട്ട് പ്രത്യക്ഷപ്പെട്ട് പൊതുവണക്കത്തിനായി രൂപം പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിനുസരിച്ച് റോമിലെ വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള പള്ളിയില്‍ പ്രതിഷ്ഠിക്കുകയായിരുന്നു. നിത്യസഹായ മാതാവ് എന്ന പേര് അമ്മ തന്നെ വെളിപ്പെടുത്തുകയായിരുന്നു.
പിന്നീട് നെപ്പോളിയന് ബോണപ്പാര്‍ട്ടിന്റെ റോം ആക്രമണകാലത്ത് ഈ ദേവാലയം നിശേഷം തകര്‍ക്കപ്പെട്ടു. പക്ഷേ നിത്യസഹായ മാതാവിന്റെ രൂപം അഗസ്തീനിയന്‍ സന്യാസികളുടെ കയ്യില്‍ ഭദ്രമായിരുന്നു. എങ്കിലും അറുപതിലധികം വര്‍ഷത്തോളം ഈ ചിത്രത്തെക്കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു.
ഏറെ ശ്രമങ്ങള്‍ക്ക് ശേഷം ദിവ്യരക്ഷകസഭയിലെ വൈദികരുടെ പ്രത്യേക താല്പര്യവും ശ്രമവും കാരണമാണ് നിത്യസഹായമാതാവിന്റെ ചിത്രം പൊതുവണക്കത്തിനായി ലഭിച്ചത്. നിത്യസഹായ മാതാവിനെ ലോകമെങ്ങും അറിയിക്കുക എന്ന ദൗത്യവും ഈ വൈദികര്‍ ഏറ്റെടുത്തു. അങ്ങനെയാണ് ഇന്ന് നമ്മുടെ വീടുകളില്‍ പോലുമുള്ള നിത്യസഹായമാതാവിന്റ ചിത്രം പ്രചുരപ്രചാരം നേടിയതും നമ്മള് നിത്യസഹായമാതാവിന്റെ ഭക്തരായതും.
നിത്യസഹായ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ..