2001 ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭീകരാക്രമണം ഉണ്ടാവുകയും ഭീകരയുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഭീകരാക്രമണങ്ങള്‍ക്ക് അതിന് ശേഷം അവസാനമുണ്ടായിട്ടുമില്ല. ഇത്തരം ഭീതിദമായ അക്രമസാഹചര്യത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകസമാധാനത്തിന് വേണ്ടി മുട്ടുകുത്തിയത് സമാധാനരാജ്ഞിയായ മറിയത്തിന്റെ മുമ്പിലാണ്. ലോകത്തിന് വേണ്ടി മാധ്യസ്ഥം പ്രാര്‍ത്ഥിക്കാന്‍ പാപ്പ മാതാവിന്റെ സഹായം തേടി. മാതൃസഹജമായ വാത്സല്യത്തോടും സ്‌നേഹത്തോടും കൂടി ലോകത്തെ രക്ഷിക്കാന്‍ ഇടപെടലുകള്‍ നടത്തണമേയെന്നായിരുന്നു പാപ്പായുടെ പ്രാര്‍ത്ഥന. അന്ന് ജോണ്‍ പോള്‍ പാപ്പ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ ചുവടു പിടിച്ച് ലോകസമാധാനത്തിന് വേണ്ടി നമുക്കും മറിയത്തെ വിളിച്ചപേക്ഷിക്കാം. യുക്രെയ്ന്‍ ജനതയെ പ്രത്യേകമായി നമുക്ക് ഓര്‍മ്മിക്കാം. ഇനിയൊരു യുദ്ധം കൂടി സഹിക്കാന്‍ ലോകജനതയ്ക്കാവുകയില്ലെന്ന സത്യം മറക്കാതിരിക്കാം. അതുകൊണ്ട് തീക്ഷ്ണമായി തീവ്രമായി ആത്മാര്‍ത്ഥമായി നമുക്ക് ലോകസമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം.
അല്ലയോ സമാധാനരാജ്ഞിയായ മറിയമേ, ഞങ്ങള്‍ ഇതാ അമ്മയുടെ സഹായം തേടി അമ്മയുടെ തിരുമുമ്പില്‍ നില്ക്കുന്നു. സത്യംകൊണ്ടും സ്‌നേഹം കൊണ്ടും ശക്തിയുള്ളവളായ അമ്മേ ഞങ്ങളെ സഹായിക്കണമേ. വിഷമകരമായ ഈ പ്രതിസന്ധിയെ മറികടക്കുവാനും നിലവിലുളള സാഹചര്യങ്ങളെ നേരിടുവാനും ഞ്ങ്ങള്‍ക്ക് കരുത്തു നല്കണമേ. അനേകരെ ദുരിതത്തിലാക്കാവുന്ന യുദ്ധത്തിന്റെ സാധ്യതകളെ അമ്മ നിര്‍വീര്യമാക്കണമേ.യുദ്ധത്തിന് വേണ്ടി ആഗ്രഹിക്കുന്ന യുദ്ധപ്രിയരായ ഭരണാധികാരികളെ അമ്മ ചിതറിക്കണമേ. യുദ്ധത്തിന്റെ ഇരകളായി ജീവിക്കുന്ന യുക്രെയ്ന്‍ ജനതയ്ക്ക് അമ്മ ആശ്വാസം നല്കണമേ. അമ്മ അവരുടെ കൂടെയുണ്ടായിരിക്കണമേ. സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ലോകാകാശത്തിലൂടെ പറക്കാന്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് ഭാഗ്യമുണ്ടാവണമേ. ആമ്മേന്‍