എറണാകുളം: സിനഡ് അംഗീകൃത ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാവശ്യപ്പെട്ട ബ്ര. മാവൂരൂസ് മാളിയേക്കല്‍ ആരംഭിച്ച നിരാഹാര സമരം തുടരുന്നു. ഈ സാഹചര്യത്തില്‍ ബ്രദര്‍ മാവുരൂസിന്റെ ജീവന് രക്ഷിക്കാന്‍ സഭാധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഉയരുന്നു. തെരുവുകുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജീവിതം സമര്‍പ്പിച്ചിരിക്കുന്ന 82 കാരനായ ബ്രദര്‍ ജാതിമതഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനാണ്.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാന അനുവദിക്കാന്‍ വേണ്ടിവന്നാല്‍ ജീവന് പോലും നല്കാന് തയ്യാറാണെന്നാണ് ബ്രദറിന്റെ പ്രഖ്യാപനം. ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം ഉപവാസം ആരംഭിച്ചത്്. സിഎംഐ ബ്രദറായിരുന്ന ബ്ര. മാവുരൂസ് സഭാംഗംത്വം ഉപേക്ഷിച്ചുകൊണ്ടാണ് തെരുവുകുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചത്. ഇന്ന് സമാനമായ രീതിയിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മാവുരൂസ് സേവനം ആരംഭിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ. അനേകര്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃകയാണ് ഇദ്ദേഹം. മുത്തുകളുടെ മുക്കുവന് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന സെന്റ് മേരീസ് ബസിലിക്ക ഉള്‍പ്പടെയുള്ള പള്ളികളില്‍ അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ ആരംഭിച്ച സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.