യുക്രൈയ്‌നെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം

മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യ യുക്രൈയ്‌നില്‍ വ്യോമാക്രമണം നടത്തുമെന്ന വാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോള്‍. അത്യന്തം ഭീതിദമായ ചുറ്റുപാട്. മാര്‍ച്ച് രണ്ടിന് ലോകം മുഴുവന്‍ യുക്രൈയ്‌ന് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തി നാം തേടേണ്ടത് അത്യാവശ്യമാണ്. യുക്രൈയ്‌ന്റെ സമാധാനം ലോകത്തിന്റെ സമാധാനമാണ്. പരിശുദ്ധ അമ്മയ്ക്ക് ഇ്്ക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ഒരു യൂറോപ്യന്‍ രാജ്യത്തെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ച പ്രാര്‍ത്ഥിച്ച ആദ്യ സംഭവം നടന്നത് 1037 ല്‍ ആണെന്നാണ് ചരിത്രം പറയുന്നത്. പിന്നീട് പല കാലത്തും പരിശുദ്ധ അമ്മയ്ക്ക് ലോകരാജ്യങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥന നടന്നിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തും രോഗസൗഖ്യത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.

ഇതെല്ലാം ഓര്‍മ്മിച്ചുകൊണ്ട് നമുക്ക് യുക്രൈയ്ന്‍ വിഷയത്തിന് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിക്കാം

ഓ മഹത്വപൂര്‍ണ്ണയായ മാതാവേ സമാധാനരാജ്ഞീ ദൈവപുത്രന്റെ മാതാവേ ലോകം നേരിടുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെ ഞങ്ങള്‍ അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്ത് യുദ്ധം ആരംഭിച്ചാല്‍ അതിന്റെ ദോഷവശങ്ങള്‍ ലോകമെങ്ങും അനുഭവിക്കേണ്ടിവരുമെന്ന് ബോധ്യം ഞങ്ങള്‍ ഓരോരുത്തര്‍ക്കും നല്കണമേ. വിലവര്‍ദ്ധനവ്, ഭക്ഷണക്ഷാമം, സാമ്പത്തികമായ അരക്ഷിതാവസ്ഥ.. എത്രയോ പ്രശ്‌നങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നുപോകുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലൂടെ ലോകത്തെ കടത്തിവിടരുതേ. യുദ്ധവും നാശവും വിതയ്ക്കുന്ന സാത്താന്റെ കുടിലതന്ത്രങ്ങളെ അമ്മ പരാജയപ്പെടുത്തണമേ. ലോകത്തിന്റെ മേല്‍ പരന്നിരിക്കുന്ന ഈ കരിനിഴല്‍ അകറ്റാന്‍ അമ്മയുടെ മാധ്യസ്ഥശക്തി ഏറെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. ആകയാല്‍ എന്റെ അമ്മേ യുക്രൈയ്‌ന് വേണ്ടി, യുദ്ധസന്നദ്ധരായ ഭരണാധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. യുദ്ധപ്രിയരായ ജനങ്ങളെ ചിതറിച്ചുകളയണമേ. സമാധാനം നിറഞ്ഞ ലോകത്തില്‍ ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.