നോമ്പുകാലത്തിലേക്കു പ്രവേശിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. കൂടുതല്‍ പരിത്യാഗപ്രവൃത്തികളും ഉപവാസവും നമ്മുടെ ജീവിതത്തില്‍ ഇടം പിടിക്കുന്ന സമയം. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചും വെളളിയാഴ്ചകളില്‍ ഉപവാസമെടുത്തും നമ്മളില്‍പലരും ഈ നോമ്പുകാലം ആചരിക്കാറുമുണ്ട്. എല്ലാം നല്ലതു തന്നെ. പക്ഷേ ബാഹ്യമായ ഇത്തരം ആചാരങ്ങള്‍ക്ക് പുറമെ ആന്തരികമായി നാം എത്രത്തോളം മാറ്റത്തിന് വിധേയരാകുന്നുണ്ട്? ആത്മീയമായി നാം ഇതിലൂടെ എത്രത്തോളം ശക്തി പ്രാപിക്കുന്നുണ്ട്? ഇങ്ങനെയൊരു ആത്മശോധന നമുക്ക് അത്യാവശ്യമാണ്. ദൈവം ആഗ്രഹിക്കുന്ന യഥാര്‍ത്ഥ ഉപവാസത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് ഏശയ്യായുടെ പുസ്തകം നമുക്ക് നല്കുന്നു.
ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം( ഏശയ്യ 58:6) എന്നതാണ് അത്.
ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ മുഴുകാതെ ആന്തരികമായി നമുക്ക് ഉപവാസം അനുഷ്ഠിക്കാം. വസ്ത്രം മാത്രം കീറാതെ ഹൃദയത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്ന ഒരു ഉപവാസകാലത്തിലേക്ക് നമുക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം പ്രവേശിക്കാം.