അത്യാവശ്യമെങ്കില്‍ വട്ടോളിയച്ചന് കല്യാണം കഴിച്ചൂടെ? വിവാദമായ അഭിമുഖത്തിന് നല്കിയ മറുപടി വൈറലാകുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ ഏറെ വിവാദമായ ഒരു അഭിമുഖമായിരുന്നു ഫാ. അഗസ്റ്റ്യന്‍ വട്ടോളിയുടേത്. കത്തോലിക്കാ പൗരോഹിത്യത്തിലെ ബ്രഹ്മചര്യത്തെ നിഷേധിച്ചുകൊണ്ടുള്ള വട്ടോളിയച്ചന്റെ വാക്കുകള്‍ കടുത്ത എതിര്‍പ്പാണ് വിളിച്ചുവരുത്തിയത്. സോഷ്യല്‍ മീഡിയായിലുടനീളം അദ്ദേഹത്തിന്റെ അഭിമുഖത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്രഹമചര്യം അതില്‍തന്നെ ഒരു മൂല്യമായി കരുതേണ്ടതില്ല എന്ന് എപിജെ അബ്ദുള്‍കലാമിനെ ഉദാഹരിച്ചുകൊണ്ട് സംസാരിക്കുന്ന അദ്ദേഹം വൈദികര്‍ ബ്രഹ്മചര്യംപാലിക്കണമെന്ന വ്രതം കാലഹരണപ്പെട്ടതാണെന്നും കത്തോലിക്കാ പുരോഹിതര്‍ ബ്രഹ്മചര്യം പാലിക്കുന്നതുകൊണ്ടാണ് കല്ലും മണ്ണും കൊണ്ടുള്ള കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതെന്നും ഉദയംപേരൂര്‍ സൂനഹദോസിന് മുമ്പ് സുറിയാനി സഭയിലെ വൈദികര്‍ വിവാഹം ചെയ്തിരുന്നുവെന്നും ഓര്‍്ത്തഡോക്‌സ്- യാക്കോബായ സഭയിലെ വൈദികര്‍ വിവാഹിതരായതുകൊണ്ട് അവര്‍ക്ക് പള്ളികള്‍ പണിയുന്നതിലല്ല കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലാണ് താല്പര്യമെന്നുമായിരുന്നു വട്ടോളിയച്ചന്റെ മറുപടി. ഈ സാഹചര്യത്തില്‍ പ്രഫ. കെ എം ഫ്രാന്‍സിസ് അച്ചന് നല്കിയ മറുപടി ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. പ്രഫസര്‍ നല്കിയ മറുപടിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ :

വൈരുദധ്യങ്ങളായ പ്രസ്താവനകളാണ് അച്ചന്‍ വീഡിയോയില്‍ നടത്തിയിരിക്കുന്നത്. സന്യാസത്തിന്റെ മഹത്വം ഉയര്‍ത്തിക്കാണിച്ചുതുടങ്ങുന്ന വാക്കുകള്‍ പിന്നീട് വിപരീതമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. ഒരു സന്യാസിക്ക് മാത്രമേ തന്റെ ജീവിതം പൂര്‍ണ്ണമായും ദൈവത്തിനായി സമര്‍പ്പിച്ചുജീവിക്കാന്‍ കഴിയൂ. അച്ചന് അത് മനസ്സിലാവാത്തതുകൊണ്ടായിരിക്കാം ഈ അസ്വസ്ഥതകള്‍ മുഴുവനും.അച്ചന്റെ മനസ്സില്‍ ദൈവത്തിന്റെ വിളിയെന്നത് അധികാരവും ആഡംബരവുമായിരിക്കാം.

അച്ചന്റെ സന്യാസം വിശ്വാസമില്ലാത്തതാണ്. അതിനാല്‍ ഇതിലും ഭേദം ഇതുപേക്ഷിച്ചിട്ട് കല്യാണം കഴിക്കലാണ്. ഇത്രയും വര്‍ഷം സെമിനാരിയില്‍ പഠിച്ചിട്ടും വിശ്വാസികളെ വഴിതെറ്റിക്കുന്ന രീതിയില്‍ ഇങ്ങനെ പറയണമായിരുന്നോ? ഓറിയന്റല്‍ സഭയിലെ ഒരു നന്മയെങ്കിലും അച്ചന്‍ കണ്ടെത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഓറിയന്റല്‍ സഭയുടെ രീതികളോട് മറുതലിച്ച് നില്ക്കുന്ന അച്ചന്‍ തന്നെയാണല്ലോ ഇത് പറയുന്നതെന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നുമുണ്ട്.

സഭയില്‍ കെട്ടിടങ്ങള്‍ കൂടുതലാണ് എന്ന അഭിപ്രായം അച്ചനുണ്ടെങ്കില്‍ അതാദ്യം പറയേണ്ടത് എറണാകുളം-അങ്കമാലി അതിരൂപതയോടാണ്. അല്ലാതെ പൊതുജനങ്ങളോടല്ല. എറണാകുളത്തെ ലിസി ആശുപത്രിയും ഇടപ്പള്ളി പള്ളിയും വെറും കെട്ടിടങ്ങളായിട്ടാണോ അച്ചന്‍ കാണുന്നത്.അതോ അനേകര്‍ക്ക് ആശ്വാസം നല്കുന്ന കേന്ദ്രങ്ങളായിട്ടോ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.