വാഷിംങ്ടണ്‍: മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും ഉണ്ടാകുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ വാഗ്ദാനം. ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനോട് അനുബന്ധിച്ചാണ് ഈ വാഗ്ദാനം. 2018 ലെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആഗോള മതപീഡനം നേരിടുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും അവരുടെ മതവിശ്വാസമനുസരിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു.
പല രാജ്യങ്ങളിലെയും ദുഷ്‌ക്കരമായ അവസ്ഥകളെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ജനങ്ങള്‍ മതപീഡനത്തിന് ഇരകളായിക്കൊണ്ടിരിക്കുന്നു. ജയിലിലേക്ക് തള്ളപ്പെടുകയോ കൊല്ലപ്പെടുകയോ വരെ ചെയ്യുന്നു. അതും അവര്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതിന്റെപേരില്‍. ആരാധനകള്‍ അവരുടെ മനസ്സാക്ഷിയുടെ അടിസ്ഥാനത്തിലാണ്. കുട്ടികളെ വിശ്വാസം പഠിപ്പിക്കണം. അവരുടെ വിശ്വാസത്തെക്കുറിച്ച് പരസ്യമായിപ്രഖ്യാപിക്കാന്‍ പഠിപ്പിക്കണം. ബൈബിളും തോറയും ഖുറാനും പഠിക്കാനുള്ള അവസരമുണ്ടാകണം. അമേരിക്കയിലെമോസ്‌ക്കിലോ ദേവാലയത്തിലോ അമ്പലത്തിലോ പോയാല്‍ നിങ്ങള്‍ കേള്‍ക്കുന്നത് ഒരു കാര്യം തന്നെയായിരിക്കും. അസഹിഷ്ണുത വലിയൊരു തെറ്റാണെന്ന് വിശ്വസിക്കുന്നവരാണ് അമേരിക്കക്കാര്‍.
തുര്‍ക്കിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന പാസ്റ്ററെ വിട്ടയ്ക്കുന്നതില്‍ ട്രംപ് ഭരണകൂടം ഏറെ ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പരക്കെ എല്ലായിടങ്ങളിലും ഉണ്ടാകാന്‍ വേണ്ട ശ്രമങ്ങള്‍ അമേരിക്കന്‍ ഭരണകൂടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.