ഹരിയാന: സുവിശേഷപ്രഘോഷകരായ രണ്ടുപേര്‍ക്ക് ഹിന്ദു തീവ്രവാദികളുടെ കൊടിയ മര്‍ദ്ദനം. പണം വാഗ്ദാനം ചെയ്ത് മറ്റ് മതവിശ്വാസികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുന്നു എന്ന് ആരോപിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ഒരു കുടുംബത്തെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു മടങ്ങുന്ന വഴിക്കായിരുന്നു സഞ്ജയ് കുമാറിനും ഇന്ദ്രജിത്തിനും മര്‍ദ്ദനമേറ്റത്. ഇവരുടെ കയ്യിലുണ്ടായിരുന്ന ബൈബിളും കത്തിച്ചു.
അക്രമികള്‍ കൂട്ടം കൂടി നിന്ന് സുവിശേഷപ്രഘോഷകരെ ചോദ്യം ചെയ്യുന്നതും അലറിവിളിക്കുന്നതും കാഴ്ചക്കാരായ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. ഡ്രൈവിംങ് ലൈസന്‍സും ഐ ഡി കാര്‍ഡും പിടിച്ചുവാങ്ങിയതിന് ശേഷമായിരുന്നു മര്‍ദ്ദനം.
എന്നെ മര്‍ദ്ദിച്ചതില്‍ എനിക്ക് വേദനയില്ല. പക്ഷേ എന്റെ ബൈബിള്‍… അതെന്റെ ക്രിസ്തുവായിരുന്നു. സഞ്ജയ് കുമാര്‍ സങ്കടത്തോടെ പറയുന്നു.
നിന്റെ ക്രിസ്തുവിനെ കത്തിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു അവര്‍ ബൈബിളിന് തീ കൊളുത്തിയതെന്നും സഞ്ജയ് കുമാര്‍ പറയുന്നു. ഹനുമാന്‍ ഭജന്‍ പാടാനും സമീപത്തുള്ള ക്ഷേത്രത്തിലെത്തിച്ച് ഹൈന്ദവാരാധന നടത്താനും ശ്രമമുണ്ടായി. അവര്‍ ബലമായി ഞങ്ങളെ കാറിനുളളിലാക്കാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ ചെറുത്തുനിന്നു. ഇന്ദ്രജിത്ത് പറഞ്ഞു.
2021 ല്‍ 486 ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അക്രമാസക്തമായ വര്‍ഷം എന്നാണ് പൊതുവെ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.