ഇന്ന് ലൂര്‍ദ്ദ്് മാതാവിന്റെ തിരുനാള്‍

ലൂര്‍ദ്ദില്‍ വിശുദ്ധ ബര്‍ണ്ണദീത്തായ്ക്ക് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മ ദിനമാണ് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാളായി ആഘോഷിക്കുന്നത്. 1858 ഫെബ്രുവരി 11 നായിരുന്നു മാതാവിന്റെ ആദ്യ പ്രത്യക്ഷീകരണം ലൂര്‍ദ്ദില്‍ നടന്നത്. തുടര്‍ന്ന് ജൂലൈ 16 വരെ പതിനെട്ടോളം തവണ പരിശുദ്ധ അമ്മ ബര്‍ണ്ണദീത്തായ്ക്ക് പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു.

പതിനാറാമത്തെ പ്രത്യക്ഷീകരണത്തിലാണ് തന്റെ പേര് അമലോത്ഭവ ആണെന്ന് പരിശുദ്ധ മറിയം വെളിപ്പെടുത്തിയത്.പിയൂസ് ഒമ്പതാം മാര്‍പാപ്പ മാതാവിനെ അമലോത്ഭവയെന്ന് പ്രഖ്യാപിച്ചിട്ട് അന്നേയ്ക്ക് നാലുവര്‍ഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കുക, പരിഹാരപ്രവൃത്തികള്‍ അനുഷ്ഠിക്കുക എന്നിവയെല്ലാമായിരുന്നു മാതാവ് നല്കിയ നിര്‍ദ്ദേശങ്ങള്‍.

അമ്മയുടെ ആവശ്യമനുസരിച്ച് പണിത ദൈവാലയം ഇന്ന് ലോകപ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്ര്ങ്ങളിലൊന്നായി മാറിയിരിക്കുന്നു. ലൂര്‍ദ്ദില്‍ ജപമാലയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടക്കുമ്പോള്‍ അനേകം അത്ഭുതങ്ങളും രോഗശാന്തികളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധ മാതാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം പലവട്ടം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാ പ്രത്യക്ഷീകരണങ്ങളെയും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാല്‍ ലൂര്‍ദ്ദിലെ പ്രത്യക്ഷീകരണം സഭ അംഗീകരിച്ചിട്ടുള്ളവയാണ്.

ഈ തിരുനാള്‍ ദിനത്തില്‍ നമുക്ക് പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിപ്രാര്‍ത്ഥിക്കാം. രോഗികളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. പരിശുദ്ധ അമ്മയെ കാണാനും അമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും ഭൂമിയില്‍ വച്ചുതന്നെ അവസരം ലഭിച്ച വിശുദ്ധ ബര്‍ണ്ണദീത്തായോടും മാധ്യസ്ഥം യാചിക്കാം.

ലൂര്‍ദ്ദമാതാവേ അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു. അമ്മയെ ഞാന്‍ വണങ്ങുന്നു. എന്റെ ജീവിതത്തിലെ രോഗപീഡകളിലും എന്റെ പ്രയാസങ്ങളിലും സാമ്പത്തികബുദ്ധിമുട്ടുകളിലും എല്ലാം അമ്മയുടെ കടന്നുവരവും ഇടപെടലും ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്റെ അമ്മേ എന്നെ ഉപേക്ഷിക്കരുതേ…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.