കോംഗോ: സമര്‍പ്പിത ദിനത്തില്‍ കൊല്ലപ്പെട്ട യുവവൈദികന്റെ ഓര്‍മ്മയ്ക്കായി കോംഗോ രൂപത നൊവേന പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഫാ. റിച്ചാര്‍ഡ് മാസിവി എന്ന 36 കാരന്‍ വൈദികനാണ് ഫെബ്രുവരി രണ്ടിന് കൊല്ലപ്പെട്ടത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ദേവാലയത്തിലേക്ക് മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. ഐഎസ്‌ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. ക്രൈസ്തവവിശ്വാസത്തെ തുടച്ചുനീക്കുക എന്നാണ് ഈ സംഘത്തിന്റെ ലക്ഷ്യം.
ഫാ. റിച്ചാര്‍ഡിന്റെ അനുസ്മരണാര്‍ത്ഥം രൂപതയില്‍ ഫെബ്രുവരി മൂന്നിന് ആരംഭിച്ച നൊവേന 11 ന് സമാപിക്കും. വൈദികന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടിയുള്ളതാണ് നൊവേന പ്രാര്‍ത്ഥന.
2019 ലാണ് ഫാ. റിച്ചാര്‍ഡ് വൈദികനായത്. ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയായികൊണ്ടിരിക്കുകയാണ് ഇവിടെ. ഒരു ദിവസം ഒരാള്‍ പോലും കൊല്ലപ്പെടാത്ത ദിവസങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ലെന്നും ആശുപത്രിയിലെത്തി രോഗികളെപോലും വെടിവച്ചുകൊല്ലുന്ന സംഭവങ്ങള്‍ നടക്കാറുണ്ടെന്നും കഴിഞ്ഞവര്‍ഷം ബിഷപ് പാലുക്കു പറഞ്ഞിരുന്നു.