വത്തിക്കാന്‍ സിറ്റി: സംവാദമാണ് ആഗ്രഹിക്കുന്നതെങ്കില്‍ മറ്റുളളവരെ കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പല ബന്ധങ്ങളിലും സത്യസന്ധമായ കേള്‍ക്കലിന്റെ കുറവുണ്ട്. രണ്ടു വശത്തുളളവരും പരസ്പരം ശ്രവിക്കാന്‍ മടിക്കുമ്പോള്‍ സംവാദങ്ങള്‍ പരസ്പരം മത്സരിക്കുന്ന സ്വയം ഭാഷണമായി മാറുന്നു.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയുന്ന ഈ പ്രവണത പൊതുജീവിതത്തില്‍ ഇന്ന് വളരെ പ്രകടമാണ്. സംവാദത്തിന്റെയും നല്ല ആശയവിനിമയത്തിന്റെയും ഒഴിവാക്കാനാവാത്ത ഒന്നാമത്തെ ചേരുവയാണ് ശ്രവണം.
സഭയിലും പരസ്പരം ശ്രവിക്കേണ്ടതുണ്ട്, മറ്റുള്ളവരെ ശ്രവിക്കാനായി നമ്മുടെ സമയം ചെലവഴിക്കുന്നത് ഉപവിയുടെ ആദ്യ നടപടിയാണ്. വിശ്വാസം കേള്‍വിയിലൂടെ വരുന്നു എന്ന വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ വാക്കുകളെ പാപ്പ സന്ദേശത്തില്‍ ഉദ്ധരിച്ചു. ദൈവം മനുഷ്യരെ ഒരു സ്‌നേഹഉടമ്പടിക്ക് വിളിക്കുന്നതുപോലെ മനുഷ്യര്‍ മറ്റുള്ളവരെ ശ്രവിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു.
ലോക സാമൂഹ്യ സമ്പര്‍ക്ക മാധ്യമദിന സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. 56 ാമത് മാധ്യമദിനത്തിന്റെ ഈ വര്‍ഷത്തെവിഷയം ശ്രവിക്കുക എന്നതാണ്.