കോയമ്പത്തൂര്‍: രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രല്‍ കപ്പേള തകര്‍ത്ത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫാ. ബാസ്റ്റിന് ജോസഫ് പുല്ലന്താനത്ത് നല്കിയ പരാതിയിന്മേല് അന്വേഷണം നടത്തിയ സ്പെഷ്യല്‍ ടീം പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചുവരുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച് രൂപതാധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടിന്റെ ആഹ്വാനമനുസരിച്ച് രാമനാഥപുരം രൂപതയിലെ വൈദികരും സന്യസ്തരും അല്മായരും വിവിധ സംഘടനാ ഭാരവാഹികളും ദേവാലയങ്കണത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനായി നടത്തുന്ന ഇത്തരം ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ അത്യന്തം അപലപനീയവും ക്രൈസ്തവ ന്യൂനപക്ഷത്തോടുളള പരസ്യമായ വെല്ലുവിളിയും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് രാമനാഥപുരം രൂപത പ്രസ്താവനയില്‍ പറഞ്ഞു.