ജീവിതത്തിലെ ഏതൊക്കെയോ നിമിഷങ്ങളില്‍ ഒറ്റപ്പെട്ടതുപോലെയുള്ള അനുഭവം ഉണ്ടായിട്ടില്ലേ.. ആരും ഇല്ലെന്ന തോന്നല്‍.. എല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയെന്ന സങ്കടം സഹായിക്കാനോ സഹായം ചോദിക്കാനോ ആരുമില്ലാത്ത അവസ്ഥ. സാമ്പത്തിക പ്രതിസന്ധികളുടെ നിമിഷങ്ങളായിരിക്കാം അത്. രോഗങ്ങളുടെയോ ജോലി നഷ്ടത്തിന്റെയോ സാഹചര്യമായിരിക്കാം അത്..
ദൈവം പോലും ഉപേക്ഷിച്ചോ എന്ന് ആ നിമിഷങ്ങളില്‍ നാം ആശങ്കപ്പെട്ടിട്ടുണ്ടാവാം. ഇത്തരത്തിലുള്ള ഹൃദയവേദന അനുഭവിക്കുന്നവരോട ദൈവവചനം പറയുന്നത് ഇതാണ്.
നീ എന്റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന് ഞാന്‍ നിന്നെ തിരഞ്ഞെടുത്തു.വിദൂര ദിക്കുകളില്‍ നിന്ന് ഞാന്‍ നിന്നെ വിളിച്ചു. ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെവിജയകരമായ വലത്തുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും. നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചുതല താഴ്ത്തും. നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും. നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും. കണ്ടെത്തുകയില്ല. നിന്നോട് പോരാടുന്നവര്‍ ശൂന്യരാകും. നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നെ സഹായിക്കും ( ഏശയ്യ 41:9-13)
ഈ വചനഭാഗങ്ങള്‍ നമുക്ക് ആവര്ത്തിച്ചുചൊല്ലാം. എല്ലാതരത്തിലുള്ള ഒറ്റപ്പെടലുകളും ഭീതികളും ആകുലതകളും നമ്മെ വിട്ടുപോകും. ദൈവകൃപയും സാന്നിധ്യവും നമ്മെ പൊതിഞ്ഞുപിടിക്കുകയും ചെയ്യും.