കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനരീതി നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച പുതിയ സര്‍ക്കുലര്‍ ഈ മാസം 23 ന് പുറപ്പെടുവിക്കുമെന്നും സീറോ മലബാര്‍സഭാ സിനഡ്. അതിരൂപതയില്‍ നല്‍കിയിട്ടുള്ള ഇളവ് നിലനില്‍ക്കില്ല. സിനഡ് തീരുമാനം ലംഘിക്കാന്‍ വ്യക്തികള്‍ക്കോ രൂപതകള്‍ക്കോ അധികാരമില്ല. വൈദികരും വിശ്വാസികളും പിടിവാശി വെടിഞ്ഞ് തീരുമാനം നടപ്പിലാക്കണം. അഭിപ്രായഭിന്നതകള്‍ തെരുവു കലാപമാക്കരുത്. വ്യാജപ്രചരണങ്ങളില്‍ വഴിതെറ്റരുത്. സീറോ മലബാര്‍ സഭയിലെ മെത്രാന്മാര് എവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാലും അത് സിനഡ് നിര്‍ദ്ദേശിച്ച ക്രമത്തിലായിരിക്കണം. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ വികാരിയച്ചന്മാര് ദേവാലയങ്ങളില്‍ ഒരുക്കേണ്ടതാണ്. സിനഡനന്തര സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
2021 ഓഗസ്റ്റില്‍ ചേര്‍ന്ന സീറോ മലബാര്‍ സഭയുടെ സിനഡാണ് മാര്‍പാപ്പയുടെയും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെയും നിര്‍ദ്ദേശാനുസരണം ഏകീകൃത രീതിയിലുള്ള വിശുദ്ധകുര്‍ബാന അര്‍പ്പണം സഭയിലൊന്നാകെ നടപ്പിലാക്കാന്‍ തീരുമാനമെടുത്തത്. 2021 നവംബര്‍ 28 മുതല്‍ നടപ്പിലാക്കാനായിരുന്നു തീരുമാനം. സഭയിലെ 35 രൂപതകളില്‍ 34 എണ്ണത്തിലുംഇതിനോടകം ഈ തീരുമാനം നടപ്പിലായിട്ടുണ്ട്. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപത ഇനിയും ഈ തീരുമാനം നടപ്പിലാക്കിയിട്ടില്ല.