വത്തിക്കാന്‍സിറ്റി: സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് ജോലിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തൊഴില്‍ നമ്മുടെ വ്യക്തിത്വാവിഷ്‌ക്കാരോപാധിയാണ്. ഓരോരുത്തരും അവനവന്റെ രീതിയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ അത് വ്യത്യസ്തവുമാണ്. മനുഷ്യജീവിതത്തില്‍ തൊഴില്‍ അത്യന്താപേക്ഷിത ഘടകമാണ്. ന്യായമായ വേതനത്തിനും അതുവഴി ജീവിക്കാനുമായിട്ടാണ് തൊഴില്‍ ചെയ്യുന്നത്.
തൊഴില്‍ ചെയ്യുന്നത് നാം ഉപകാരമുള്ളവരാണെന്ന ബോധ്യം നമ്മില്‍ സൃഷ്ടിക്കുന്നു. ജോലിയില്ലാത്തതിനാല്‍ അന്തസിന് മുറിവേറ്റവരായി അനേകര്‍ കഴിയുന്നുണ്ട്. അപ്പം വീട്ടിലെത്തിക്കുന്നതല്ല അപ്പം സമ്പാദിക്കുന്നതാണ് ഒരാള്‍ക്ക് അന്തസ് നല്കുന്നത്. അന്നം നമുക്ക് കാരിത്താസ് പോലെയുള്ള സംഘടനകളില്‍ ചെന്നാലും കിട്ടും. പക്ഷേ അവിടെ അന്തസില്ല. അപ്പം സമ്പാദിക്കാന്‍ അവസരം കിട്ടുന്നതാണ് ഒരാളുടെ അന്തസ് വര്‍ദ്ധിപ്പിക്കുന്നത്. അത് സ്ത്രീപുരുഷന്മാര്‍ക്ക് നല്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അനീതിയാണ്. അന്നം സമ്പാദിക്കാനുള്ള അവസരം ഭരണാധികാരികള്‍ നല്കണം. സമാധാനത്തോടെ ജീവിക്കാന്‍ ജോലിയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്, മഹാവ്യാധിയുടെ കാലത്ത് അനേകര്‍ക്ക് ജോലി നഷ്മായി. ചിലര്‍ ജീവിതം അവസാനിപ്പിക്കുക വരെ ചെയ്തു.
ന്യായമായ വേതനം ലഭിക്കാത്ത അനധികൃത തൊഴിലാളികളെയും പാപ്പ അനുസ്മരിച്ചു. അവര്‍ക്ക് പെന്‍ഷനില്ല, ജോലി ചെയ്തില്ലെങ്കില്‍ സുരക്ഷിതത്വവുമില്ല, നിയമപരമല്ലാത്ത തൊഴില്‍ ചെയ്യുന്നവരെയും തൊഴില്‍ സമയത്ത് അപകടത്തില്‍ പെടുന്നവരെയും ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്ന കുട്ടികളെയും പാപ്പ അനുസ്മരിച്ചു.